രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാറ്റങ്ങൾ വരുത്തി. നിലവിലെ വിവിധ രാജ്യങ്ങളിലെ COVID-19 രോഗബാധയുടെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ നിർദ്ദേശങ്ങൾ പുതുക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ:
- മുഴുവൻ യാത്രികരും https://www.newdelhiairport.in/ എന്ന വിലാസത്തിൽ സത്യവാങ്മൂലം നൽകേണ്ടതാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് ഇത് പൂർത്തിയാക്കേണ്ടതാണ്. ഇത് ഓൺലൈനിലൂടെ നൽകാത്തവർ, രാജ്യത്ത് പ്രവേശിച്ച ശേഷം വിമാനത്താവളങ്ങളിലെ ആരോഗ്യ അധികൃതരുടെ കയ്യിൽ ഈ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്.
- ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 RT-PCR നെഗറ്റീവ് ഫലവുമായി എത്തുന്ന യാത്രികർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ഒഴിവാക്കി കിട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ പോർട്ടലിൽ ഈ റിസൾട്ട് നൽകി കൊണ്ട് അപേക്ഷിക്കാവുന്നതാണ്. ഇവയോടൊപ്പം ഈ റിസൾട്ടിന്റെ ആധികാരികത ഉറപ്പാക്കാനായി ഒരു സത്യവാങ്മൂലം നൽകേണ്ടതാണ്. COVID-19 റിസൾട്ട് സംബന്ധിച്ച് ക്രമക്കേടുകൾ നടത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുന്നതാണ്. ഈ പരിശോധനാ ഫലം വിമാനത്താവളത്തിൽ പരിശോധിക്കുന്നതാണ്.
- ഗർഭിണികൾ, 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ, വേണ്ടപ്പെട്ടവരുടെ മരണത്തെ തുടർന്ന് യാത്ര ചെയ്യുന്നവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ തിരഞ്ഞെടുക്കാവുന്നതാണ്.
- COVID-19 RT-PCR നെഗറ്റീവ് സെർട്ടിഫിക്കറ്റ് കൂടാതെ രാജ്യത്ത് പ്രവേശിക്കുന്നവർക്ക്, പ്രവേശിക്കുന്ന വിമാനത്താവളങ്ങളിൽ COVID-19 RT-PCR പരിശോധനാ സൗകര്യം ഉണ്ടെങ്കിൽ ടെസ്റ്റ് ചെയ്ത ശേഷം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ഒഴിവാക്കി കിട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
- COVID-19 RT-PCR നെഗറ്റീവ് സെർട്ടിഫിക്കറ്റ് കൂടാതെ രാജ്യത്ത് പ്രവേശിക്കുന്ന യാത്രികർക്ക്, അവർ പ്രവേശിച്ച വിമാനത്താവളങ്ങളിൽ COVID-19 RT-PCR പരിശോധനാ സൗകര്യം ഇല്ലെങ്കിലോ, COVID-19 RT-PCR പരിശോധന നടത്തുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കിലോ, 7 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനും, തുടർന്ന് 7 ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമാണ്.
ഇതിന് പുറമെ, ക്വാറന്റീൻ നടപടികൾ സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങൾക്ക് അവരുടേതായ സുരക്ഷാ നിബന്ധനകൾ കൂട്ടിച്ചേർക്കാൻ അനുവാദം നൽകിയിട്ടുണ്ട്.