വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക്, അവർ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നവംബർ 10, ചൊവ്വാഴ്ച്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്ക് അതിനുള്ള സഹായം നൽകാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടർന്നാണ് തൊഴിൽ മന്ത്രാലയം ഇത്തരം ഒരു നടപടി കൈക്കൊള്ളുന്നത്.
ഇത് നടപ്പിലാക്കുന്നതിനായി നവംബർ 15 മുതൽ 2020, ഡിസംബർ 31 വരെയുള്ള കാലയളവ് ഇത്തരം പ്രവാസികൾക്ക് ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം അറിയിപ്പിൽ പറയുന്നു. ഇവർ നാട്ടിലേക്ക് എന്നേക്കുമായി മടങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് ഇത്തരം തൊഴിലാളികൾക്കും, അവരുടെ തൊഴിലുടമകൾക്കും വരുന്ന ഫീ, പിഴ തുകകൾ എന്നിവ ഒഴിവാക്കി നൽകുന്നതാണെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇത്തരം പ്രവാസി തൊഴിലാളികളുടെ പാസ്സ്പോർട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ, ഇവ പുതുക്കുന്നതിനായി ഉടനെ അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം വിടുന്ന സമയം, ഈ നടപടികൾ പൂർത്തിയാക്കുന്നതിനായി ഇവർ മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ നേരിട്ടെത്താനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ രേഖകൾ, യാത്രാ ടിക്കറ്റ്, PCR പരിശോധനാ ഫലം എന്നിവയുമായാണ് മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ എത്തേണ്ടത്. ഇത്തരം തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ നൽകാൻ തൊഴിലുടമകളോട് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.