നവംബർ 15, ഞായറാഴ്ച്ച മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 10-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
രാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് സമർപ്പിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ വിശകലനം ചെയ്ത ശേഷമാണ് സുപ്രീം കമ്മിറ്റി പള്ളികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചത്. രാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഒമാൻ സുപ്രീം കമ്മിറ്റി കൈക്കൊള്ളുമെന്ന് ഔകാഫ് മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി, 400 വിശ്വാസികളെ ഒരേ സമയം ഉൾകൊള്ളാൻ തക്ക വലിപ്പമുള്ള, വിശാലമായ പള്ളികൾ മാത്രമാണ് നവംബർ 15 മുതൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥന ഒഴികെ, ദിനവുമുള്ള അഞ്ച് പ്രാർത്ഥനകൾക്കായാണ് പള്ളികൾ തുറക്കാൻ അനുവദിച്ചിട്ടുള്ളത്.
രാജ്യത്തെ പള്ളികളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഔകാഫ് മന്ത്രാലയം സമർപ്പിച്ച മുൻകരുതൽ നടപടികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. താഴെ പറയുന്ന മുൻകരുതൽ നടപടികളോടെയാണ് ഒമാനിലെ പള്ളികളിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നത്.
- ഓരോ പ്രാർത്ഥനകൾക്കുമായി 25 മിനിറ്റ് മാത്രമാണ് വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നത്. പ്രാർത്ഥനകൾക്ക് തൊട്ട് മുൻപ് മാത്രമാണ് വിശ്വാസികൾക്ക് പള്ളികൾ തുറന്ന് കൊടുക്കുക.
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ പള്ളികൾ സന്ദർശിക്കരുത്.
- രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ പള്ളികൾ സന്ദർശിക്കരുത്.
- പ്രാർത്ഥനകൾക്കായി വിശ്വാസികൾ തങ്ങളുടെ സ്വന്തം വിശുദ്ധ ഖുർആൻ, അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിലുള്ള ഖുർആൻ കൊണ്ട് വരേണ്ടതാണ്. പള്ളികളിലുള്ള വിശുദ്ധ ഖുർആൻ ഉപയോഗിക്കാൻ അനുവാദം നൽകില്ല.
- കുടിവെള്ളം നൽകുന്ന സംവിധാനങ്ങൾ പ്രവർത്തിപ്പിക്കരുത്.
- വിശ്വാസികൾ സ്വന്തം നിസ്കാര പായകൾ കൊണ്ട് വരേണ്ടതാണ്.
- ശുചിമുറികൾ തുറന്ന് കൊടുക്കില്ല.
- പള്ളികളിലേക്ക് പ്രവേശിക്കുന്ന സമയവും, പ്രാർത്ഥനകൾക്ക് ശേഷം മടങ്ങുമ്പോഴും വിശ്വാസികൾ കൈകൾ ശുചിയാക്കേണ്ടതാണ്.
- പ്രാർത്ഥനകൾക്ക് എത്തുന്നവർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
- ചുരുങ്ങിയത് 1.5 മീറ്റർ സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള അടയാളങ്ങൾ കാർപറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. വിശ്വാസികൾ തമ്മിൽ ഈ അകലം ഉറപ്പാക്കേണ്ടതാണ്.
- ഈ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് പള്ളി അധികാരികൾ ഉറപ്പാക്കേണ്ടതാണ്.