അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു. നവംബർ 12-ന് നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതിർത്തികൾ തുറന്നതോടെ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അയൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ യാത്രചെയ്യുന്നവർ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും, യാത്രാ നിബന്ധനകളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഒമാനിൽ പുനരാരംഭിച്ചിരുന്നെങ്കിലും കരമാർഗമുള്ള അതിർത്തികൾ തുറന്നിരുന്നില്ല.
നിലവിൽ സാധുതയുള്ള റെസിഡൻസി വിസകൾ ഉള്ള പ്രവാസികൾക്ക് മാത്രമാണ് കരമാർഗം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്നത്. യാത്രയ്ക്ക് മുൻപ് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR റിസൾട്ട് ഇത്തരത്തിൽ കരമാർഗം രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും നിർബന്ധമാണ്. ഒമാനിൽ പ്രവേശിച്ച ശേഷം ഇവർക്ക് ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്. തുടർന്ന് ഇവർക്ക് 7 ദിവസത്തെ ക്വാറന്റീൻ നടപടികളും, എട്ടാം ദിവസം ഒരു COVID-19 PCR ടെസ്റ്റും നിർബന്ധമാണ്.