അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Abu Dhabi Department of Education and Knowledge – Adek) സംഘടിപ്പിക്കുന്ന പത്താമത് അബുദാബി സയൻസ് ഫെസ്റ്റിവൽ ജനുവരി മുപ്പതു മുതൽ പത്തു ദിവസം അബുദാബിയിലെ മൂന്നിടങ്ങളിലായി നടക്കും. നവീന ആശയങ്ങളെ പുതുതലമുറ എപ്രകാരം ഉൾക്കൊള്ളുന്നു എന്നറിയാൻ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് ഫെബ്രുവരി 8 വരെ നീളുന്ന ഈ ശാസ്ത്രോത്സവത്തിലേക്ക് പ്രതീക്ഷിക്കുന്നത്. എൺപതിൽ അധികം യുവ പ്രതിഭകളാണ് അവരുടെ ശാസ്ത്ര അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും ഈ ശാസ്ത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.
യുവ തലമുറയുടെ സര്‍ഗ്ഗശക്തി, നൂതന ചിന്താശേഷി, അന്വേഷണ ത്വരിത എന്നിവ ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ ശാസ്ത്ര മേളയുടെ ലക്ഷ്യം. ശാസ്ത്രം, സാങ്കേതികവിദ്യ, നിർമാണപ്രവൃത്തികൾ, ഗണിതം, കല എന്നീ മേഖലകളിൽ യു എ ഇയുടെ വളർച്ചയ്ക്ക് ഇതിലൂടെ സംഭാവനകൾ നൽകാൻ ഇതിലൂടെ പുതുതലമുറയെ പ്രാപ്തരാക്കാൻ കഴിയും എന്ന് സംഘാടകർ വിശ്വസിക്കുന്നു.
അബുദാബിയിൽ മൂന്ന് വ്യത്യസ്ത വേദികളിലായാണ് – അബുദാബി കോർണിഷിലെ അൽ ബഹ്ർ (Al Bahar, Abu Dhabi Corniche), അൽ ഐനിലെ അൽ ജഹ്ലി പാർക്ക്(Al Jahili Park, Al Ain), അൽ ദഫ്റയിലെ സിറ്റി മാൾ (City Mall, Al Dhafra) – ഈ പത്തുനാൾ നീളുന്ന ശാസ്ത്ര കൗതുകങ്ങളുടെ കാഴ്ചകൾ അവതരിപ്പിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കായി ഈ പ്രദർശനം ദിവസവും രാവിലെ 9 മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 4 മുതൽ രാത്രി 10 വരെയും ആയിരിക്കും. മറ്റു സന്ദർശകർക്ക് വാരാന്ത്യങ്ങളിൽ 2 മണി മുതൽ രാത്രി 10 വരെ ആയിരിക്കും.