ഇ-മെയിലിലൂടെയും. വെബ്സൈറ്റുകളിലൂടെയും മറ്റും പ്രചരിക്കുന്ന, സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിടുന്ന, വ്യാജ സേവന വാഗ്ദാനങ്ങളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഒറീഡോ ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ച വീഡിയോ ദൃശ്യത്തിലൂടെയാണ് ഒറീഡോ പൊതുസമൂഹത്തിന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഔദ്യോഗിക സന്ദേശങ്ങൾ എന്ന രൂപത്തിൽ, കൃത്രിമമായി നിർമ്മിച്ച ഇ-മെയിലുകളിലും, വെബ്സൈറ്റുകളിലും വലിയ തോതിലുള്ള വർദ്ധനവ് ശ്രദ്ധയിപ്പെട്ടതായി ഒറീഡോ ഈ അറിയിപ്പിലൂടെ വ്യക്തമാക്കുന്നു. ഒറീഡോ ഒരിക്കലും തങ്ങളുടെ ഉപഭോക്താക്കളോട് സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ ഇ-മെയിൽ, വെബ്സൈറ്റ്, വെബ്സൈറ്റുകളിലെ പോപ്പ്-അപ്പ് വിൻഡോകൾ, മറ്റു മാർഗ്ഗങ്ങൾ എന്നിവയിലൂടെ ആവശ്യപെടുന്നതല്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങളെക്കുറിച്ച് പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടതാണ്. ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത് വലിയ നഷ്ടങ്ങൾക്കിടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബാങ്ക് കാർഡ് വിവരങ്ങൾ, വിവിധ സേവനങ്ങൾക്കായി ലഭിക്കുന്ന OTP നമ്പറുകൾ എന്നിവ ഒരു കാരണവശാലും മറ്റുള്ളവർക്ക് നൽകരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഒരു ഇടപാട് നിങ്ങൾ തന്നെയാണ് നടത്തുന്നതെന്ന് ഉറപ്പാക്കുന്നതിനായാണ് OTP എന്ന ഒറ്റ തവണ ഉപയോഗിക്കാവുന്ന പാസ്സ് വേർഡ് സംവിധാനം ഉപയോഗിക്കുന്നത്. ഈ OTP തട്ടിപ്പുകാർക്ക് ലഭിക്കുന്നതിലൂടെ, അവർക്ക് നിങ്ങളുടെ അക്കൗണ്ടുകളിലൂടെ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണെന്നും ഒറീഡോ വ്യക്തമാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇത്തരം വിവരങ്ങൾ ഒറീഡോ ഒരിക്കലും ഫോണിലൂടെയോ, സന്ദേശങ്ങൾ വഴിയോ ആവശ്യപ്പെടുന്നതല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്ന വ്യാജ വെബ്സൈറ്റുകളെ കുറിച്ച് ജാഗ്രത പുലർത്താനും ഒറീഡോ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ സംശയകരമായ സന്ദേശങ്ങൾ ലഭിക്കുന്നവർ ആ വിവരം 111 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെയോ, fraudcontrol@oredoo.qa എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ ഒറീഡോയുമായി പങ്ക് വെക്കേണ്ടതാണ്. 4414 1111 എന്ന വാട്സ്ആപ് നമ്പറിലൂടെയും ഈ വിവരങ്ങൾ അറിയിക്കാവുന്നതാണ്.