സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനം ഉയർത്തിയ നടപടി പുതിയ ജീവനക്കാർക്കും, നിലവിലുള്ളവർക്കും ബാധകം

GCC News

സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനത്തിൽ മാറ്റം വരുത്താനുള്ള ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പിന്റെ തീരുമാനം സ്ഥാപനങ്ങളിലെ പുതിയ ജീവനക്കാർക്കും, നിലവിലുള്ള ജീവനക്കാർക്കും ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. നവംബർ 18, ബുധനാഴ്ച്ചയാണ് സ്ഥാപനങ്ങളിൽ നിതാഖത്ത് പദ്ധതി പ്രകാരം നിയോഗിച്ചിട്ടുള്ള സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനം 4000 റിയാലിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രജ്‌ഹി അറിയിച്ചത്.

ഈ പുതിയ ഉത്തരവ് പ്രകാരം നിതാഖത്ത് പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിലുള്ള സൗദി പൗരന്മാരായ ജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്ന മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ ഉത്തരവ് നിലവിൽ വരുന്നതോടെ ഒരു സ്ഥാപനത്തിൽ 4000 റിയാൽ ഏറ്റവും കുറഞ്ഞ മാസവേതനം പറ്റുന്ന ഓരോ സൗദി ജീവനക്കാരെയും നിതാഖത്ത് പദ്ധതിയിൽ വരുന്ന ഒരു തൊഴിലാളിയായി കണക്കാക്കുന്നതാണ്. നേരത്തെ നിതാഖത്ത് പദ്ധതിയിൽ സൗദി ജീവനക്കാരുടെ കണക്കെടുക്കുന്നതിന് 3000 റിയാൽ വേതനമുള്ളവരെ ഒരു തൊഴിലാളി എന്ന രീതിയിലാണ് കണക്കാക്കിയിരുന്നത്.

പുതിയ ഉത്തരവ് പ്രകാരം 4000 റിയാലിൽ താഴെ ഏറ്റവും കുറഞ്ഞ മാസവേതനം പറ്റുന്ന ഓരോ സൗദി ജീവനക്കാരെയും കണക്കുകളിൽ അര അല്ലെങ്കിൽ പകുതി തൊഴിലാളി എന്ന രീതിയിലാണ് കണക്കാക്കുക എന്നും, ഇത് നിലവിലെ ജീവനക്കാർക്കും, പുതിയതായി നിയമിക്കപ്പെടുന്ന ജീവനക്കാർക്കും ബാധകമാണെന്നും അധികൃതർ അറിയിച്ചു.