എമിറേറ്റിലെ റോഡുകളിലെ നടപ്പിലാക്കാനുദ്ദേശിക്കുന്ന, വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം കണ്ടെത്തുന്നതിനുള്ള, നൂതന സംവിധാനം ജിടെക്സ് 2020 മേളയിൽ അവതരിപ്പിച്ചു. അബുദാബി ഡിജിറ്റൽ അതോറിറ്റി (ADDA), അബുദാബി പോലീസ് എന്നിവർ സംയുക്തമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
കൃത്രിമബുദ്ധിയുടെ സഹായത്തോടെ സീറ്റ്ബെൽറ്റ് ധരിക്കുന്നതിലെ വീഴ്ച്ചകൾ, വാഹനങ്ങൾ ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. അടുത്ത വർഷത്തോടെ അബുദാബിയിലെ റോഡുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ സംവിധാനം, ട്രാഫിക് കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. എമിറേറ്റിലെ റോഡുകളിലെ സുരക്ഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും, കാൽനടയാത്രികരുൾപ്പടെ റോഡ് ഉപയോഗിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഈ സംവിധാനം സഹായകമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
റോഡപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രയത്നങ്ങളുടെ ഭാഗമായി തയ്യാറാക്കുന്നതാണ് ഈ സംവിധാനമെന്നും, ഇതിന്റെ നിർമ്മാണം പൂർത്തിയായതായും ADDA അറിയിച്ചു. വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ സീറ്റ്ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ADDA, അബുദാബി പോലീസുമായി ചേർന്ന് ‘VAST’ (Vehicular Attention and Safety Tracker) എന്ന സംവിധാനം ഒരുക്കിയതായും അധികൃതർ വ്യക്തമാക്കി. 2021 ജനുവരി 1 മുതൽ VAST റോഡുകളിൽ നടപ്പിലാക്കുന്നതാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ VAST ലക്ഷ്യമിടുന്നു.
റോഡുകളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി അബുദാബി പോലീസ് പ്രത്യേക റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കാമറകൾ പകർത്തുന്ന ദൃശ്യങ്ങളിൽ നിന്ന് ഈ സംവിധാനം നിയമലംഘനങ്ങൾ കണ്ടെത്തുകയും, നിയമലംഘകർക്ക് SMS വഴി അറിയിപ്പ് നൽകുകയും ചെയ്യുന്നു.
Cover Photo: WAM