കുവൈറ്റ്: പ്രവാസികൾക്കുള്ള പുതിയ റെസിഡൻസി പെർമിറ്റുകളുടെ കാലാവധി ഒരു വർഷത്തേക്കാക്കി ചുരുക്കിയതായി സൂചന

GCC News

പ്രവാസികൾക്കനുവദിക്കുന്ന പുതിയ റെസിഡൻസി പെർമിറ്റുകളുടെ കാലാവധി ഒരു വർഷത്തേക്കാക്കി ചുരുക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തെയോ, അതിൽ കൂടുതലോ കാലാവധിയുള്ള റെസിഡൻസി പെർമിറ്റുകൾ അനുവദിക്കേണ്ടാ എന്ന് മന്ത്രാലയം തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പ്രവാസികൾക്ക് പുറമെ, കുവൈറ്റ് പൗരന്മാരുടെ വിദേശികളായ ഭാര്യമാർ, വിദേശികളെ വിവാഹം ചെയ്തിട്ടുള്ള കുവൈറ്റി സ്ത്രീകളുടെ മക്കൾ, മക്കൾ കുവൈറ്റ് പൗരന്മാരായിട്ടുള്ള വിദേശികളായ അമ്മമാർ, പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവരുടെ റെസിഡൻസി പെർമിറ്റ് കാലാവധികളും ഈ തീരുമാനത്തോടെ ഒരു വർഷത്തേക്കായി ചുരുങ്ങുന്നതാണ്. ഇതോടെ ഈ വിഭാഗങ്ങളുടെയെല്ലാം റെസിഡൻസി പെർമിറ്റുകളുടെ കാലാവധി ഓരോ വർഷം തോറും പുതുക്കേണ്ടതായി വരുന്നതാണ്.

വാർഷികാടിസ്ഥാനത്തിൽ റെസിഡൻസി പെർമിറ്റുകളുടെ കാലാവധി പുതുക്കുന്നതിനുള്ള തീരുമാനം കൊണ്ട് വന്നത്, COVID-19 മൂലം രാജ്യത്തെ വാണിജ്യ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി സാഹചര്യങ്ങൾ കണക്കിലെടുത്താണെന്നാണ് മാധ്യമങ്ങൾ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമെ, ഒരു വർഷത്തിൽ കൂടുതൽ സാധുതയുള്ള റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുമ്പോൾ ആവശ്യമായി വരുന്ന മെഡിക്കൽ പരിശോധനകൾ ഒഴിവാക്കുന്നതിനും, സുരക്ഷാ കാരണങ്ങളും മറ്റു സാങ്കേതിക കാരണങ്ങളും കണക്കിലെടുത്തു കൊണ്ടും മന്ത്രാലയം ഈ തീരുമാനം കൈകൊള്ളുകയായിരുന്നു. നിലവിൽ രണ്ട് വർഷത്തെയോ, അതിൽ കൂടുതലോ സാധുതയുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കപ്പെട്ടിട്ടുള്ള സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളെ ഈ തീരുമാനം ബാധിക്കില്ലെന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.