103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശനങ്ങൾക്കായി ഒമാനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ROP ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ തീരുമാനത്തോടെ ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് എൻട്രി പെർമിറ്റുകൾ കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കുന്നതാണ്.
ഡിസംബർ 10, വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്ര സമ്മേളനത്തിൽ പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അലി അൽ സുലൈമാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകൾക്ക് 10 ദിവസത്തേക്കാണ് ഒമാനിൽ തുടരാനുള്ള അനുമതി നൽകുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പത്ത് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക്, പ്രതിദിനം 10 റിയാൽ വീതം പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് സന്ദർശകർക്ക് ഇത്തരത്തിൽ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ നിബന്ധനകളും, എൻട്രി പെർമിറ്റ് കൂടാതെ പ്രവേശനം അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയും ROP ഡിസംബർ 9-ന് പുറത്ത് വിട്ടിരുന്നു.