ഒമാൻ: ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി

GCC News

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനും ഒമാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോളാണ് ഇതിനുള്ള ലൈസൻസ് നൽകിയത്.

16 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അടിയന്തിര ഘട്ടങ്ങളിൽ ഈ വാക്സിൻ നൽകുന്നതിനും ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഫൈസർ വാക്സിൻ സംബന്ധിച്ച സമഗ്രമായ വിശകലനങ്ങൾക്കും, പരിശോധനകൾക്കും ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫൈസർ വാക്സിന്റെ സുരക്ഷ, സഫലത തുടങ്ങിയ നിരവധി ഘടകങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അധികൃതർ ഈ വാക്സിനു ഒമാനിൽ അടിയന്തിര അനുമതി നൽകിയിട്ടുള്ളത്. ആഗോളതലത്തിൽ ഈ വാക്സിനിന്റെ ക്ലിനിക്കൽ ട്രയൽ സംബന്ധമായി ഫൈസർ സമർപ്പിച്ച ഫലങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിശകലനം ചെയ്തിരുന്നു. ഏതാണ്ട് 38000-ത്തോളം പേരിൽ നടത്തിയ ക്ലിനിക്കൽ ട്രയൽ ഫലങ്ങൾ ഇതിന്റെ ഭാഗമായി അധികൃതർ സമഗ്രമായി അപഗ്രഥനം ചെയ്തു.

രണ്ട് തവണയായാണ് ഓരോ വ്യക്തികൾക്കും വാക്സിൻ നൽകുക എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഡോസ് വാക്സിൻ കുത്തിവെപ്പുകൾക്കിടയിലും മൂന്നാഴ്‌ച്ചത്തെ ഇടവേള ഉണ്ടായിരിക്കുന്നതാണ്.

ആദ്യ ഘട്ടത്തിൽ വാക്സിനേഷനിൽ ഉൾപ്പെടുത്തേണ്ട മുൻഗണനാ വിഭാഗങ്ങളിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ എടുത്തതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുമെന്നാണ് സൂചന.

അതേ സമയം, രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിൻ സംബന്ധമായി നിലനിൽക്കുന്ന അഭിപ്രായങ്ങൾ മനസ്സിലാക്കുന്നതിനും, വാക്സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളിൽ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ സർവ്വേ ഡിസംബർ 15 മുതൽ ഒമാനിൽ ആരംഭിച്ചിട്ടുണ്ട്.