2030-ൽ നടക്കുന്ന ഇരുപത്തൊന്നാമത് ഏഷ്യൻ ഗെയിംസിന് ഖത്തർ വേദിയാകുമെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രഖ്യാപിച്ചു. ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയിൽ വെച്ചായിരിക്കും 2030 ഏഷ്യൻ ഗെയിംസ് നടത്തുക. ഡിസംബർ 16, ബുധനാഴ്ച്ചയാണ് OCA ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ മസ്കറ്റിൽ വെച്ച് നടന്ന മുപ്പത്തൊമ്പതാമത് OCA ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 2030-ലെ ഏഷ്യൻ ഗെയിംസ് സംഘാടകരാകാൻ ഖത്തറിനൊപ്പം, സൗദിയും മത്സരരംഗത്തുണ്ടായിരുന്നു. OCA ജനറൽ അസംബ്ലിയിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ കമ്മിറ്റി അംഗങ്ങൾ ദോഹയെ തിരഞ്ഞെടുക്കുകയായിരുന്നു.
ഓൺലൈനിലൂടെയാണ് വോട്ടിങ്ങ് നടന്നത്. ഇതിനെത്തുടർന്ന് OCA ചെയർമാൻ ഷെയ്ഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അൽ സബാ 2030-ലെ ഗെയിംസ് ദോഹയിൽ വെച്ചായിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് ദോഹ ഏഷ്യൻ ഗെയിംസ് വേദിയാകുന്നത്. 2006-ലെ ഏഷ്യൻ ഗെയിംസ് ദോഹയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചത്. 2034-ലെ ഏഷ്യൻ ഗെയിംസിന് സൗദി അറേബ്യയിലെ റിയാദ് വേദിയാകുമെന്നും OCA പ്രഖ്യാപിച്ചു. 2022-ലെ ഏഷ്യൻ ഗെയിംസ് ചൈനയിലും, 2026-ലെ ഗെയിംസ് ജപ്പാനിലുമാണ് നിശ്ചയിച്ചിട്ടുള്ളത്.
Cover Photo: Olympic Council of Asia.