സൗദിയിലെ ശിശിരകാല ടൂറിസം പദ്ധതികളുടെ ഭാഗമായി സൗദി ടൂറിസം അതോറിറ്റി ഒരുക്കുന്ന ‘നിങ്ങൾക്ക് ചുറ്റുമായി ശിശിരകാലമെത്തി’ എന്ന പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. സന്ദർശകരിലേക്ക് സൗദിയിലെ മരുഭൂ പ്രദേശങ്ങളുടെ ശിശിരകാലത്തെ സൗന്ദര്യം എത്തിക്കുന്നതിനായി ലക്ഷ്യമിടുന്ന ഈ പ്രചാരണ പരിപാടി, അവധിക്കാലം ആസ്വദിക്കുന്നതിനായി മരുഭൂമി തിരഞ്ഞെടുക്കുന്നതിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വലിയൊരു ഭാഗം മരുഭൂ പ്രദേശങ്ങളാണെന്നത് സൗദി അറേബ്യയുടെ ഒരു പ്രത്യേകതയാണ്. അൽ നൗഫദ്, അൽ ദഹ്ന, റൂബ് അൽ-ഖാലി എന്ന എംപ്റ്റി ക്വാർട്ടർ എന്നിങ്ങനെ സൗദിയിലെ മരുഭൂ പ്രദേശങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. സൗദിയിലെ പ്രകൃതിനിർമ്മിതമായ പ്രധാന മരുപ്പച്ചകളും, പാർക്കുകളും ഈ മേഖലകളിലാണ് സ്ഥിതിചെയ്യുന്നതെന്നതും ഇവയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാക്കുന്നു. പ്രകൃതി ഒരുക്കുന്ന മായിക കാഴ്ച്ചകൾ ആവോളം നുകരുന്നതിന് അവസരം നൽകുന്നതിനാൽ, മരുഭൂ പ്രദേശങ്ങൾ കാല്നടയായുള്ള ദീര്ഘവിനോദസഞ്ചാര പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.
ഡെസേർട്ട് ക്യാംപുകൾ ശീതകാല സന്ദർശകർക്കിടയിൽ ഏറെ പ്രിയങ്കരമായ ഇടങ്ങളാണ്. നഗരങ്ങളുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് മാറി കൊണ്ട്, പ്രകൃതി തീർക്കുന്ന പ്രശാന്തമായ അന്തരീക്ഷം ആസ്വദിക്കാനുതകുന്ന ഡെസേർട്ട് ക്യാംപുകൾ ‘നിങ്ങൾക്ക് ചുറ്റുമായി ശിശിരകാലമെത്തി’ എന്ന പ്രത്യേക പ്രചാരണ പരിപാടിയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.
സാഹസികകൃത്യങ്ങള് ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്കായി സാൻഡ് സ്കീയിങ്ങ്, മണൽക്കൂനകളിലൂടെയുള്ള ഡ്രൈവിംഗ്, മോട്ടോർബൈക്ക് റൈഡ് തുടങ്ങി നിരവധി ആകർഷകമായ പ്രവർത്തികളാണ് മരുഭൂമിയിൽ കാത്തിരിക്കുന്നത്. സ്വച്ഛമായ യാത്രാനുഭവം ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് മരുഭൂ പ്രദേശങ്ങൾ ഒളിച്ച്വെച്ചിട്ടുള്ള പൈതൃക കേന്ദ്രങ്ങളും, ചരിത്ര സ്മാരകങ്ങളും ഒരിക്കലും മറക്കാത്ത കാഴ്ച്ചകൾ നൽകുന്നതാണ്.
കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കാഴ്ച്ചകളുമായി സൗദിയിലെ മരുഭൂമികൾ സഞ്ചാരികളെ സ്വീകരിക്കുന്നതിന് ഒരുങ്ങിക്കഴിഞ്ഞു.