യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ ഒരാഴ്ചത്തേക്കാണ് സൗദി രാജ്യത്തേക്കുള്ള പ്രവേശനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം യു കെയിൽ അതിവേഗം പടർന്നു പിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് സൗദി അറേബ്യ ഡിസംബർ 20, ഞായറാഴ്ച്ച രാത്രി മുതൽ അടിയന്തിരമായി പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വ്യോമഗതാഗതം നിർത്തലാക്കിയതോടോപ്പം സൗദിയിലേക്ക് കര, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്കും നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഡിസംബർ 8-നു ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, രോഗസാധ്യതയേറിയ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ള മുഴുവൻ യാത്രികരോടും രാജ്യത്ത് പ്രവേശിച്ച തീയ്യതി മുതൽ 2 ആഴ്ച്ച ക്വാറന്റീനിൽ തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരോട് COVID-19 PCR ടെസ്റ്റ് നടത്താനും, ക്വാറന്റീനിൽ തുടരുന്ന ഓരോ അഞ്ച് ദിവസത്തിനിടയിലും ഈ പരിശോധന നടത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനിടയിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, രോഗസാധ്യതയേറിയ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളവരോടും COVID-19 ടെസ്റ്റ് നടത്താൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഒരാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ നീട്ടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സ്വഭാവമുള്ള ഏതാനം വിമാനസർവീസുകൾക്ക് മാത്രം ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം, COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താത്ത രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.