എമിറേറ്റിലെ കൊറോണ വൈറസ് പ്രതിരോധ നടപടികളിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിനായി, മുൻകരുതൽ നടപടികളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി ക്രൈസിസ് എമെർജൻസീസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു. ഡിസംബർ 22-ന് രാത്രിയാണ് കമ്മിറ്റി ഈ തീരുമാനം അറിയിച്ചത്.
അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും (വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന റെസിഡൻസി വിസകളിലുള്ളവർ ഉൾപ്പടെ) ബാധകമാകുന്ന ഈ പ്രവേശന സുരക്ഷാ നിർദ്ദേശങ്ങൾ ഡിസംബർ 24, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടൊപ്പം, എമിറേറ്റിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം വാണിജ്യ, വിനോദ, വിനോദസഞ്ചാര മേഖലകളിൽ മുൻകരുതലുകളോടെ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനായി ഇളവുകൾ നൽകാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ:
COVID-19 പരിശോധനകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ:
- എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന COVID-19 PCR അല്ലെങ്കിൽ DPI നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 48 മണിക്കൂറിൽ നിന്ന് 72 മണിക്കൂറാക്കി നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേരും അബുദാബിയിലെത്തുന്നതിനു മുൻപ് 72 മണിക്കൂറിനുള്ളിൽ നേടിയ COVID-19 ടെസ്റ്റ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- എമിറേറ്റിലേക്ക് പ്രവേശിച്ച ശേഷം 4, 8 ദിനങ്ങളിൽ നിര്ബന്ധമാക്കിയിരുന്ന COVID-19 പരിശോധന ഒഴിവാക്കിയിട്ടുണ്ട്. പകരം, 6 ദിവസത്തിൽ കൂടുതൽ എമിറേറ്റിൽ താമസിക്കുന്നവർക്ക് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷം ആറാം ദിനത്തിൽ ഒരു തവണ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനും തീരുമാനം.
അബുദാബിയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർ, നിവാസികൾ, സന്ദർശകർ തുടങ്ങിയവർക്കുള്ള ക്വാറന്റീൻ സംബന്ധിച്ച നിർദ്ദേശങ്ങൾ:
- രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്. https://visitabudhabi.ae/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ഈ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും പുതുക്കുന്നതാണ്.
- മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരുടെ ക്വാറന്റീൻ 10 ദിവസമാക്കി കുറച്ചിട്ടുണ്ട്.
- 6 ദിവസത്തിൽ കൂടുതൽ എമിറേറ്റിൽ താമസിക്കുന്നവർക്ക് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷം ആറാം ദിനത്തിൽ COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. 12 ദിവസത്തിൽ കൂടുതൽ അബുദാബിയിൽ താമസിക്കുന്നവർക്ക് ആറാം ദിനത്തിലെ പരിശോധനയ്ക്ക് പുറമെ പന്ത്രണ്ടാം ദിനത്തിലും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
COVID-19 രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവർക്കുള്ള ക്വാറന്റീൻ നിർദ്ദേശം:
- കൊറോണ വൈറസ് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവർക്ക് എട്ടാം ദിനത്തിൽ നടത്തുന്ന PCR ടെസ്റ്റിൽ നെഗറ്റീവ് ആകുന്ന പക്ഷം ക്വാറന്റീൻ 10 ദിവസമാക്കി കുറച്ചിട്ടുണ്ട്.
ഇതിനു പുറമെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായിട്ടുള്ളവർക്ക് (അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന ഗോൾഡൻ സ്റ്റാർ അല്ലെങ്കിൽ E ചിഹ്നം നിർബന്ധം) ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയിട്ടുണ്ട്.
ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും, വ്യാവസായിക മേഖലകളിലും രോഗബാധ കണ്ടെത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനാ പരിപാടികൾ സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അബുദാബിയിലുടനീളം SEHA-യുടെ കീഴിലുള്ള COVID-19 പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എമിറേറ്റിലെ പ്രവേശന കവാടങ്ങളിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്.