സൗദി: അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി; വിദേശികൾക്ക് രാജ്യം വിടാൻ അനുമതി നൽകും

GCC News

രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഒരാഴ്ച്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 28, തിങ്കളാഴ്ച്ച പുലർച്ചെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യാതിർത്തികൾ ഒരാഴ്ച്ചത്തേക്ക് അടച്ചിടാൻ സൗദി ഡിസംബർ 20-ന് അടിയന്തിരമായി തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ നീട്ടാൻ സാധ്യതയുണ്ടെന്ന് അന്ന് തന്നെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ ഡിസംബർ 28-ന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. യു കെയിൽ ആദ്യം കണ്ടെത്തിയ അതിവേഗം പടർന്നു പിടിക്കുന്ന പ്രവണത പ്രകടമാക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തെ പലഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തിയിരുന്നു.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ രാജ്യങ്ങളിലും ഈ വൈറസ് വകഭേദം കണ്ടെത്തുകയുണ്ടായി. ജോർദാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലും ഈ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ സൗദി തീരുമാനിച്ചിട്ടുള്ളത്. ഇതോടെ വ്യോമഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതോടൊപ്പം, സൗദിയിലേക്ക് കര, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്കും നിയന്ത്രണം തുടരുന്നതാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായും, ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തിര വിമാനങ്ങൾക്കും, സൗദിയിൽ നിന്ന് വിദേശികളെ മടക്കിക്കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങൾക്കും പ്രത്യേക അനുമതി നൽകുമെന്ന് സൗദി വ്യോമയാന വകുപ്പ്

നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഏതാനം പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് സൗദി വ്യോമയാന വകുപ്പ് (GACA) വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലെത്തുന്ന വിമാനങ്ങൾക്ക് രാജ്യത്തേക്ക് പ്രത്യേക പ്രവേശനാനുമതി നൽകുന്നതാണ്. ഇതിനു പുറമെ രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് സൗദിയിൽ നിന്ന് തിരികെ മടങ്ങുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്കു സൗദിയിലേക്ക് പ്രവേശിക്കാൻ ഡിസംബർ 27 മുതൽ അനുമതി നൽകുന്നതാണെന്ന് GACA അറിയിച്ചിട്ടുണ്ട്.

ഇത്തരം വിദേശയാത്രികരെ സൗദിയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിനുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് GACA അറിയിച്ചു. എന്നാൽ ഏതാനം സുരക്ഷാ വ്യവസ്ഥകൾക്ക് വിധേയമായാണ് ഇത്തരം അനുമതികൾ നൽകുന്നതെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം വിമാനങ്ങൾ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് കൊണ്ട് മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാവൂ. സൗദിയിൽ നിന്ന് വിദേശ യാത്രികരെ മാത്രമാണ് ഇത്തരം വിമാനങ്ങളിൽ തിരികെ കൊണ്ടുപോകാൻ അനുമതിയുള്ളത്. സൗദിയിലെത്തുന്ന ഇത്തരം വിമാനങ്ങളിലെ ജീവനക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുകയോ, സൗദി വിമാനത്താവളങ്ങളിലെ ജീവനക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുതെന്നും GACA വ്യക്തമാക്കിയിട്ടുണ്ട്.