ഒമാൻ: പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനം നീട്ടിയതായുള്ള വാർത്തകൾ വ്യാജമെന്ന് എൻവിറോണ്മെന്റ് അതോറിറ്റി

Oman

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ 2021 ജനുവരി 1 മുതൽ നിരോധിക്കാനുള്ള തീരുമാനം നീട്ടിവെക്കാൻ ആലോചിക്കുന്നില്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കി. 2020 ഡിസംബർ 31-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെയാണ് അതോറിറ്റി ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.

ഇത്തരം പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനം നീട്ടിവെച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജനുവരി 1 മുതൽ ഇത്തരം ബാഗുകൾ നിരോധിക്കുമെന്നും, മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എൻവിറോണ്മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

“ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള 23/2020 എന്ന മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. ഈ തീരുമാനം നീട്ടിവെച്ചതായി പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല.”, ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പ്രത്യേക അറിയിപ്പിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 100 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്നും, നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും സൂചനയുണ്ട്. പൊതുജനങ്ങളോട് പരിസ്ഥിതി സൗഹൃദ ബാഗുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഏതാനം ദിവസങ്ങൾക്ക് മുൻപ് ആഹ്വാനം ചെയ്തിരുന്നു.