കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച ഐഡി കാർഡുകൾ പുതുക്കാൻ അനുമതി നൽകുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. COVID-19 മഹാമാരി മൂലം രാജ്യത്തെ സ്ഥാപനങ്ങൾ നേരിടേണ്ടിവന്നിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി മന്ത്രാലയം കൈകൊണ്ടിട്ടുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികൾ ഒമാനിന് പുറത്തുള്ള അവസരത്തിലും ഇതോടെ ഇത്തരം ഐ ഡി കാർഡുകൾ പുതുക്കുന്ന നടപടികൾ കൈകൊള്ളുന്നതിന് അവസരം ലഭിക്കുന്നതാണ്.
ഇത്തരം രേഖകൾ പുതുക്കാത്തതിനാൽ വന്നിട്ടുള്ള പിഴതുകകൾ താത്കാലികമായി ഒഴിവാക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കൊറോണോ വൈറസ് വ്യാപന കാലയളവിൽ കാലാവധി അവസാനിച്ച റിക്രൂട്ട്മെന്റ് ലൈസൻസുകൾ നീട്ടി നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ താത്‌കാലിക അടിസ്ഥാനത്തിൽ ജോലിക്കെടുക്കാൻ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനായി വിദേശ തൊഴിലാളികൾക്ക് താത്കാലിക വർക്ക് വിസകൾ അനുവദിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതാണ്. ഒന്നിലധികം സ്ഥാപനങ്ങളുടെ ഉടമസ്ഥതയുള്ള തൊഴിലുടമകൾക്ക് തൊഴിലാളികളെ ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനും അനുമതി നൽകുന്നതാണ്.
കൂടുതൽ ജീവനക്കാരെ ആവശ്യമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക്, മറ്റു സ്ഥാപനങ്ങളിൽ നിന്ന് തൊഴിലാളികളെ താത്കാലികമായി നിയമിക്കുന്നതിനും അനുമതി നൽകുന്നതാണ്. ഇരു സ്ഥാപനങ്ങളും തമ്മിൽ തയ്യാറാക്കിയ മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇതിന് അനുമതി ലഭിക്കുന്നത്.