COVID-19 മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളെ ആവശ്യമെങ്കിൽ പിരിച്ച് വിടാൻ അനുമതി നൽകുന്ന തീരുമാനം 2021 മാർച്ച് 31 വരെ തുടരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. COVID-19 മഹാമാരി മൂലം രാജ്യത്തെ സ്ഥാപനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി മന്ത്രാലയം വാണിജ്യ മേഖലയിൽ നടപ്പിലാക്കിയ നിരവധി ഇളവുകൾ അടങ്ങിയ ഉത്തേജന പാക്കേജിന്റെ കാലാവധി നീട്ടിയതോടെയാണ് ഇത്.
സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിലെ പ്രവാസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക മുഴുവനായി തീർത്ത ശേഷം, ജീവനക്കാർ തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങുന്നതാണെന്ന വ്യവസ്ഥയിലാണ് പിരിച്ച് വിടൽ നടപ്പിലാക്കാൻ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഇത്തരം ഇളവുകൾ COVID-19 പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ചെറുകിട സംരംഭങ്ങൾക്ക് സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് പ്രതിസന്ധി മൂലം വാണിജ്യ മേഖലയിൽ ഉടലെടുത്ത കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒമാനിലെ നൂറുകണക്കിന് ചെറുകിട വാണിജ്യ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ കഠിനമായി പ്രയത്നിച്ച് കൊണ്ടിരിക്കുകയാണെന്നും, ഈ അവസരത്തിൽ അവർക്ക് ഇത്തരം ഇളവുകൾ ഏറെ ഗുണം ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഒമാനിലെ നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ കീഴിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു.
ഇത്തരം സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ ലേബർ കാർഡ് പുതുക്കുന്നതിനുള്ള തുക 301 റിയാലിൽ നിന്ന് 201 റിയാലാക്കി കുറച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. മാർച്ച് 31 വരെയുള്ള കാലാവധിയിൽ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാരുമായി കൂടിയാലോചന ചെയ്ത ശേഷം ശമ്പളം കുറയ്ക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. പ്രവർത്തി സമയം കുറച്ച് കൊണ്ട്, ശമ്പളം കുറയ്ക്കുന്നതിനായി സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളുമായി ചർച്ച ചെയ്ത് ധാരണയിലെത്താവുന്നതാണ്. ഈ അനുമതികൾക്കെല്ലാം മാർച്ച് 31 വരെയാണ് സാധുത ഉണ്ടായിരിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.