ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; മാലിന്യ നിർമാർജ്ജനത്തിനുപയോഗിക്കുന്ന ബാഗുകൾക്ക് ഇളവ്

GCC News

2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യ ഘട്ടത്തിൽ, മാലിന്യ വസ്തുക്കളുടെ നിർമാർജ്ജനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് താത്‌കാലിക ഇളവ് അനുവദിക്കുന്നതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി അതോറിറ്റി പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് ഈ ഇളവ് അനുവദിച്ച് കൊണ്ടുള്ള വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരോധനത്തിന്റെ ആദ്യ ഘട്ടത്തിൽ മാലിന്യ നിർമാർജ്ജനത്തിനുപയോഗിക്കുന്ന ബാഗുകൾക്ക് പുറമെ, വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ, വാണിജ്യ കേന്ദ്രങ്ങളിൽ പഴം, പച്ചക്കറി, മാംസം, മീൻ എന്നിവ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ബാഗുകൾ, ബ്രഡ് പായ്ക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ, വിഴുപ്പുവസ്‌ത്രങ്ങള്‍ക്കായുള്ള ബാഗുകൾ എന്നിവയ്ക്കും താത്‌കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ഇളവ് താത്കാലികമാണെന്നും, ഇത്തരം ബാഗുകൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ പിന്നീട് പ്രത്യേകം അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഉപയോഗിക്കാവുന്ന പേപ്പർ, ക്യാൻവാസ്, കോട്ടൺ മുതലായവയാൽ നിർമ്മിതമായ പരിസ്ഥിതി സൗഹൃദ ബാഗുകൾ വിപണിയിൽ സുലഭമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ 2021 ജനുവരി 1 മുതൽ നിരോധിച്ചിട്ടുള്ളത്.

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 100 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതാണ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തപ്പെടാവുന്നതാണ്. ഒമാനിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും, പ്രകൃതിക്കും, ജീവജാലങ്ങൾക്കും ഒരു പോലെ ദോഷകരമായ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും ഈ തീരുമാനത്തിലൂടെ എൻവിറോണ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നു.