ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ 2021 ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് പ്രഖ്യാപിച്ചു. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യാത്രികർക്കായുള്ള ഈ ടെർമിനൽ, വിമാനത്താവള വികസന പദ്ധതികളുടെ ഭാഗമായാണ് നിർമ്മിക്കുന്നത്. വിമാനത്താവള വികസന പ്രവർത്തനങ്ങളും, പുതിയ ടെർമിനലിന്റെ പുരോഗതിയും വിലയിരുത്തുന്നതിനായി ജനുവരി 10, ഞായറാഴ്ച്ച സൽമാൻ ബിൻ ഹമദ് എയർപോർട്ട് സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന തീയ്യതി അദ്ദേഹം പ്രഖ്യാപിച്ചത്.
2020 മാർച്ചിൽ പൂർത്തിയാകേണ്ടിയിരുന്ന ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ COVID-19 പശ്ചാത്തലത്തിൽ നീണ്ട് പോകുകയായിരുന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജനുവരി 28 മുതൽ പുതിയ ടെർമിനൽ തുറന്നു കൊടുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വിമാനത്താവള വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ, ആഗോളതലത്തിലെ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന, മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ബഹ്റൈൻ മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ ടെർമിനൽ, നിലവിലെ ടെർമിനലിന്റെ നാലിരട്ടി വലിപ്പത്തിലാണ് പണിതീർത്തിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് 14 ദശലക്ഷം യാത്രികർക്ക് ഈ ടെർമിനലിലൂടെ യാത്രാ സേവനങ്ങൾ നൽകാൻ കഴിയും. പുതിയ ടെർമിനലിനോടനുബന്ധമായി കാർ പാർക്ക്, വിശാലമായ ഡ്യൂട്ടി ഫ്രീ മേഖല, രണ്ട് സ്വീകരണ ഹാളുകൾ, പ്രൈവറ്റ് ജെറ്റുകൾക്ക് പ്രത്യേകമായുള്ള സേവനങ്ങൾ നൽകുന്ന സൗകര്യം, വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾക്കുള്ള പ്രത്യേക കേന്ദ്രം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.