രാജ്യത്തെ ഹോട്ടലുകൾ, റെസ്റ്ററന്റ്റുകൾ, ഹാളുകൾ, വേദികൾ മുതലായ ഇടങ്ങളിൽ ആളുകൾ ഒത്തുചേരാനിടയാകുന്ന എല്ലാ ചടങ്ങുകളും നിരോധിച്ച് കൊണ്ട് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി, ഒത്തുചേരലുകൾ, ആഘോഷങ്ങൾ, വിവാഹങ്ങൾ, ചടങ്ങുകൾ, സമ്മേളനങ്ങൾ മുതലായ പരിപാടികൾ ഇത്തരം ഇടങ്ങളിൽ വെച്ച് നടത്താൻ അനുവദിക്കരുതെന്ന് അറിയിച്ച് കൊണ്ടുള്ള വിജ്ഞാപനം അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.
ജനുവരി 11-ന് രാത്രിയാണ് അതോറിറ്റി ഈ അറിയിപ്പ് നൽകിയത്. ഇത്തരം വേദികളിൽ തുറന്ന ഇടങ്ങളിലും, അടച്ചിട്ട മുറികൾക്കകത്തും നടത്തുന്ന എല്ലാ തരം ചടങ്ങുകൾക്കും ഈ നിരോധനം ബാധകമാണ്.
“രാജ്യത്തെ പൊതു ആരോഗ്യവുമായി ബന്ധപ്പെട്ട, പകർച്ച വ്യാധികൾ തടയുന്നതിനുള്ള 2018/34 നിയമ പ്രകാരം, COVID-19 വ്യാപനം തടയുന്നതിനായാണ് ഈ തീരുമാനം.”, അതോറിറ്റി ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്കയച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. നിലവിലെ ബഹ്റൈനിലെ ആരോഗ്യ സൂചികകൾ പ്രകാരം ഹോട്ടലുകൾ ഉൾപ്പടെയുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങളും കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.