യു എ ഇ: ഇതുവരെ 2 ദശലക്ഷം ഡോസ് COVID-19 വാക്സിൻ നൽകിയതായി MoHAP

UAE

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇതുവരെ 2 ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ നൽകിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ (MoHAP) അറിയിച്ചു. ജനുവരി 19-ന് വൈകീട്ട് പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്.

ജനുവരി 19 വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ ആകെ 2,065,367 ഡോസ് വാക്സിനാണ് യു എ ഇയിൽ വിതരണം ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ വാക്സിൻ വിതരണ നിരക്ക് 100 പേർക്ക് 20.88 എന്ന അനുപാതത്തിലെത്തിയിട്ടുണ്ട്.

സമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും COVID-19 വാക്സിൻ നൽകുകയും, അതുവഴി സമൂഹത്തിൽ കൊറോണ വൈറസിനെതിരായ പ്രതിരോധശേഷി ഉറപ്പാക്കുകയും ചെയ്യാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പരമാവധി പേരിലേക്ക് വാക്സിൻ എത്തിക്കുന്നതിലൂടെ രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനും, അതിലൂടെ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു.

നിലവിൽ യു എ ഇയിലെ വാക്സിൻ വിതരണത്തിന്റെ തോത് ആഗോള ശരാശരിയെക്കാൾ ഏറെ മുൻപിലാണ്. ഇത് ദേശീയ വാക്സിനേഷൻ യത്നത്തിന്റെ വിജയത്തെയും, സമൂഹത്തിലെ എല്ലാ അംഗങ്ങളിൽ നിന്നും ഈ പ്രവർത്തനങ്ങളോട് ലഭിക്കുന്ന മികച്ച പ്രതികരണത്തെയും ചൂണ്ടിക്കാട്ടുന്നു.

“ചുരുങ്ങിയ കാലയളവിനുള്ളിൽ വാക്സിൻ ഡോസുകളുടെ ഈ റെക്കോർഡ് നിരക്കിൽ എത്തിയത് COVID-19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഞങ്ങളുടെ വിവേകശാലികളായ നേതൃത്വത്തിന്റെ അസാധാരണമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. അതുപോലെ തന്നെ ഗവൺമെന്റിന്റെയും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും, ഞങ്ങളുടെ മുൻനിര പ്രതിരോധ പ്രവർത്തകരുടെയും സമഗ്രമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു,” ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ നാസർ അൽ ഒവൈസ് പറഞ്ഞു.