ദുബായ്: റെസ്റ്ററന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

GCC News

എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെകൾ മുതലായ ഭക്ഷണശാലകളിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു. ജനുവരി 22, വെള്ളിയാഴ്ച്ച രാത്രി പുറത്തിറക്കിയ ഈ അറിയിപ്പ് പ്രകാരം, ഇത്തരം ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായിലെ റെസ്റ്ററന്റുകൾ, കഫെകൾ മുതലായ ഭക്ഷണശാലകളിൽ പുതിയതായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ:

  • ഭക്ഷണം വിളമ്പുന്നതിനായി ഉപയോഗിക്കുന്ന മേശകൾ തമ്മിലുള്ള ദൂരം 2 മീറ്ററിൽ നിന്ന് 3 മീറ്ററാക്കി ഉയർത്തി. ശിഷാ കഫെകൾക്കും ഈ നിർദ്ദേശം ബാധകമാണ്.
  • ഒരു മേശയിൽ പരമാവധി ഇരിക്കാൻ അനുവാദമുള്ളവരുടെ എണ്ണം 10-ൽ നിന്ന് ഏഴാക്കി ചുരുക്കിയിട്ടുണ്ട്. കഫെകളിൽ ഒരു മേശയിൽ പരമാവധി 4 പേർക്കാണ് അനുമതി.

അതേസമയം, എമിറേറ്റിൽ വെച്ച് നടക്കുന്ന തത്സമയ സംഗീതക്കച്ചേരികളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതായി ദുബായ് ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഈജിപ്ഷ്യൻ സംഗീതജ്ഞൻ അമർ ദിയാബിന്റെയും, ദുബായ് ഓപ്പറയിൽ നടക്കുന്ന എൻറികോ മാസിയസിന്റെയും ഉൾപ്പടെയുള്ള സംഗീതമേളകളിൽ പങ്കെടുക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമാണെന്നും, ചുരുങ്ങിയത് 2 മീറ്റർ എങ്കിലും സമൂഹ അകലം കർശനമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയതായും (4 സ്‌ക്വയർ മീറ്ററിൽ ഒരാൾ എന്ന രീതിയിൽ), അണുനശീകരണ സംവിധാനങ്ങൾ ശക്തമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.

എമിറേറ്റിലെ വിവാഹങ്ങൾ, ആഘോഷ പരിപാടികൾ, സ്വകാര്യ ഒത്ത്ചേരലുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ മുതലായവയിൽ ആളുകൾ ഒത്ത് കൂടുന്നത് സംബന്ധിച്ചും ജനുവരി 22-ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.