വിദേശത്ത് നിന്ന് പ്രതിദിനം കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വ്യോമയാത്രികരുടെ എണ്ണത്തിൽ 2021 ജനുവരി 24 മുതൽ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണം ഏർപെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
ജനുവരി 24, ഞായറാഴ്ച്ച മുതൽ ഫെബ്രുവരി 6 വരെ രണ്ടാഴ്ച്ചത്തേക്കാണ് ഈ നിയന്ത്രണങ്ങൾ ബാധകമാകുന്നതെന്നാണ് സൂചന. ഈ നിയന്ത്രണം സംബന്ധിച്ച് കുവൈറ്റിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് DGCA പ്രത്യേക നിർദ്ദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം.
കുവൈറ്റ് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്നും, പ്രതിദിനം 1000 യാത്രികർക്ക് മാത്രമാണ് രാജ്യത്തേക്ക് ഈ കാലയളവിൽ പ്രവേശനാനുമതി നൽകുന്നതെന്നും DGCA എയർ ട്രാൻസ്‌പോർട്ട് വിഭാഗം തലവൻ അബ്ദുല്ല അൽ രാജ്‌ഹിയെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതുൾപ്പടെയുള്ള സാഹചര്യം കണക്കിലെടുത്താണ് രണ്ടാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഗാർഹിക തൊഴിലാളികൾ, ട്രാൻസിറ്റ് യാത്രികർ എന്നിവരുടെ ആഗമനം സംബന്ധിച്ച് ഈ തീരുമാനം ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.