തങ്ങളുടെ ജോലിയുടെ ഭാഗമായും മറ്റും മനസ്സിലാക്കാനിടയായിട്ടുള്ള രഹസ്യ വിവരങ്ങൾ, അധികൃതരിൽ നിന്നുള്ള അനുമതിയില്ലാതെ ഓൺലൈനിലൂടെ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് കനത്ത പിഴയും, ജയിൽ ശിക്ഷ ഉൾപ്പടെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂഷൻ ജനങ്ങളെ ഓർമ്മപ്പെടുത്തി.
ജനുവരി 29-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് യു എ ഇയിൽ ഒരു മില്യൺ ദിർഹം വരെ പിഴയും, തടവ് ശിക്ഷയും ലഭിക്കാവുന്നതാണ്. ഇത്തരം വിവരങ്ങൾ സംബന്ധിച്ച് പൊതുസമൂഹത്തിന് അവബോധം നൽകുന്നത് ലക്ഷ്യമിട്ടുള്ള ഒരു വീഡിയോ ദൃശ്യം പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ പങ്ക് വെച്ചു.
രാജ്യത്തെ ഫെഡറൽ നിയമം അഞ്ചിലെ ആർട്ടിക്കിൾ 22 പ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുന്നത്. “തങ്ങളുടെ ഔദ്യോഗിക പദവിയുടെ ഭാഗമായോ, ജോലിയുടെ ഭാഗമായോ അറിയാനിടവരുന്ന രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മുൻകൂർ അനുമതി കൂടാതെ കമ്പ്യൂട്ടർ ശൃംഖലകളിലൂടെയോ, വെബ്സൈറ്റുകളിലൂടെയോ, മറ്റു ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയോ വെളിപ്പെടുത്തുന്നവർക്ക് യു എ ഇയിൽ ചുരുങ്ങിയത് ആറ് മാസം തടവും, ചുരുങ്ങിയത് അഞ്ച് ലക്ഷം ദിർഹം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.”, യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.