ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ തുടരാൻ ധാരണ

GCC News

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഒമാനും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി നീട്ടാൻ ധാരണയായതായി സൂചന. ഇന്ത്യയിൽ നിന്നുള്ള സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്കുള്ള വിലക്ക് 2021 ഫെബ്രുവരി 28 വരെ തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഒമാൻ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളുമായി പ്രത്യേക കരാറുകളുടെ കീഴിൽ അനുവദിക്കുന്ന വിമാന സർവീസുകൾ തുടരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് 23 മുതൽ ഇന്ത്യയിൽ നിന്നുള്ള സാധാരണ നിലയ്ക്കുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഒക്ടോബർ 1 മുതലാണ് ഇന്ത്യയും ഒമാനും തമ്മിൽ ‘എയർ ബബിൾ’ കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചത്. ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഈ ധാരണയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തിവരുന്നുണ്ട്.

നിലവിലെ ധാരണപ്രകാരം, ഇരു രാജ്യങ്ങളിലെയും ദേശീയ വിമാന കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഒമാൻ എയർ, സലാം എയർ എന്നിവർ മാത്രമാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്കും, തിരികെയും വ്യോമയാന സേവനങ്ങൾ നൽകുന്നത്. ഓരോ ആഴ്ച്ചയിലും വഹിക്കാവുന്ന പരമാവധി യാത്രികരുടെ എണ്ണം ആറായിരമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, യാത്രചെയ്യുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.