യു എ ഇ: COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്ക് മാത്രമാക്കി ചുരുക്കിയതായി മന്ത്രാലയം

UAE

രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കഴിഞ്ഞ ഏതാനം ദിനങ്ങളിലായി COVID-19 വ്യാപനത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്തതാണ് ഈ തീരുമാനം. യു എ ഇയിലെ പൊതു സമൂഹത്തിൽ COVID-19 വൈറസിനെതിരായ രോഗപ്രതിരോധശക്തി ഉറപ്പാക്കുന്നതിനായി, വാക്സിൻ വിതരണ സംബന്ധമായി മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി വ്യക്തമാക്കി കൊണ്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

വരുന്ന നാല് മുതൽ ആറ് ആഴ്ച്ച വരെയുള്ള കാലയളവിൽ പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നീ വിഭാഗങ്ങൾക്ക് പരമാവധി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഈ വിഭാഗക്കാർക്കിടയിൽ കൊറോണ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലായതിനാലാണിത്.

ഈ കാലയളവിൽ ഈ വിഭാഗത്തിൽപ്പെടാത്ത മറ്റുള്ളവർക്ക് മുൻ‌കൂർ അനുമതികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് വാക്സിൻ ലഭ്യമാക്കുന്നത്. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവരോട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.