അജ്‌മാൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; ഭക്ഷണശാലകൾ പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കും

GCC News

എമിറേറ്റിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു. ഫെബ്രുവരി 8, തിങ്കളാഴ്ച്ചയാണ് അജ്‌മാൻ DED ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ നിലവിലെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് DED ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. നേരത്തെ ദുബായ്, അബുദാബി തുടങ്ങിയ എമിറേറ്റുകളും കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് വാണിജ്യ, സാമൂഹിക മേഖലകളിലെ ഏതാനം പ്രവർത്തനങ്ങളിൽ നിയന്ത്രണം ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് നിലവിൽ DED പ്രഖ്യാപിച്ചിട്ടുള്ളത്.

ഫെബ്രുവരി 8 മുതൽ അജ്മാനിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ:

  • കഫെ, റെസ്റ്ററന്റുകൾ, സ്നാക്ക് ഷോപ്പുകൾ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 12 മണി വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
  • ഇത്തരം ഭക്ഷണശാലകളിലെ സേവനം പരമാവധി ശേഷിയുടെ 50 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണം.
  • വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകളിൽ പരമാവധി 50 പേർക്ക് മാത്രം പങ്കെടുക്കാം.
  • ഇത്തരം ചടങ്ങുകൾ നടത്തുന്ന വേദികളുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമായി പരിമിതപ്പെടുത്തണം.

ഇതിന് പുറമെ മാസ്കുകൾ, സാമൂഹിക അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കാനും DED ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്കെതിരെ കർശനമായ നടപടികളുണ്ടാകുമെന്നും DED വ്യക്തമാക്കി.