യു എ ഇ – കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനില തൃപ്തികരം

GCC News

യു എ ഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ കുടുംബത്തിലെ 4 പേരുടെ ആരോഗ്യനിലയും തൃപ്തികരമായി തുടരുന്നതായും, ആവശ്യമായ എല്ലാ വൈദ്യചികിത്സകളും അവർക്കു നൽകിവരുന്നതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും പ്രതിരോധവും സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. ഹുസൈൻ അൽ റാൻഡ് അറിയിച്ചു.

നിലവിൽ ഈ കുടുംബം ലോക ആരോഗ്യ സംഘടന നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്‌ഡങ്ങൾക്ക് വിധേയമായി 14 ദിവസത്തെ നിരീക്ഷണത്തിനും എകാന്ത ചികിത്സയ്ക്കും ശേഷം ആശുപത്രി വിടും. ആളുകൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ലായെന്നും കൃത്യമായ ആരോഗ്യ മുന്‍കരുതലുകളാണ് വേണ്ടതെന്നും ഡോ. റാൻഡ് കൂട്ടിച്ചേർത്തു.

ഇതിനിടെ കൊറോണാ ബാധയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വ്യാജ പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്‌ നൽകി. രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നുള്ള കൊറോണ വൈറസ് ബാധയുടെ വീഡിയോ എന്ന പേരിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതെല്ലാം വ്യാജമായ വീഡിയോ സന്ദേശങ്ങളാണെന്നും യു എ ഇയിൽ നിലവിൽ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ 4 പേർ ഒഴികെ കൊറോണ മറ്റാർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും, ഇത്തരം വീഡിയോകളിൽ പരിഭ്രാന്തരാകരുത് എന്നും ഡോ. റാൻഡ് അറിയിച്ചു.