ബഹ്‌റൈൻ: COVID-19 വൈറസിന്റെ യു കെയിൽ നിന്നുള്ള വകഭേദം രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു

GCC News

രാജ്യത്ത് കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള COVID-19 രോഗബാധിതരിൽ, വ്യാപനശേഷി കൂടിയ വൈറസിന്റെ വകഭേദം വീണ്ടും കണ്ടെത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മുൻപ് കണ്ടെത്തിയ കൊറോണ വൈറസിനേക്കാൾ വേഗത്തിൽ രോഗവ്യാപനത്തിനിടയാക്കാൻ ഈ വകഭേദത്തിന് ശേഷിയുള്ളതിനാൽ പൊതുജനങ്ങളോട് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 13-ന് രാത്രിയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.

https://twitter.com/MOH_Bahrain/status/1360636299334549514

കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം ജനുവരി 27-ന് ബഹ്‌റൈനിൽ ആദ്യമായി സ്ഥിരീകരിച്ചിരുന്നു. യു കെയിൽ നിന്നാണ് COVID-19 വൈറസിന്റെ തീവ്രവ്യാപന ശേഷിയുള്ള ഈ വകഭേദം ആദ്യം കണ്ടെത്തിയത്. നിലവിൽ ബഹ്‌റൈനിൽ സ്ഥിരീകരിക്കുന്ന ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കുടുംബങ്ങൾക്കിടയിലെ സമ്പർക്കത്തെത്തുടർന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി.

COVID-19 വൈറസിന്റെ ഈ പുതിയ വകഭേദം പ്രായമായവർക്ക് വലിയ ഭീഷണി ഉയർത്തുന്നതായി മന്ത്രാലയത്തിലെ ഡോ. ലെഫ്റ്റനന്റ് കേണൽ മനാഫ് അൽ ഖിയാഹ്തനി അഭിപ്രായപ്പെട്ടു. വൈറസിന്റെ ഈ വകഭേദം ബാധിച്ചവരിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതിൽ നേരിടുന്ന കാലതാമസം അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. വീടുകളിൽ പോലും പ്രായമായവരോടും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോടും ഇടപഴകുമ്പോൾ, അവരുടെ സുരക്ഷ മുൻനിർത്തി, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അദ്ദേഹം പൊതുസമൂഹത്തോട് നിർദ്ദേശിച്ചു.

COVID-19 വൈറസിന്റെ ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം തടയുന്നതിനായി ഇതുവരെ പിന്തുടർന്നിരുന്ന പ്രതിരോധ നിർദ്ദേശങ്ങൾ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. COVID-19 വ്യാപനം തടയുന്നതിനായി വാക്സിനുകൾ ഏറെ ഫലപ്രദമാണെന്നും, സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V (Sputnik V) കുത്തിവെപ്പിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.