കുവൈറ്റ്: രോഗസാധ്യത കൂടുതലുള്ള 35 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്കുകൾ തുടരുമെന്ന് സൂചന

Kuwait

വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഫെബ്രുവരി 21-ന് അവസാനിക്കുമെങ്കിലും, ഉയർന്ന രോഗവ്യാപന സാധ്യതയുള്ള 35 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്കുകൾ ഉടൻ പിൻവലിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു. ഉയർന്ന രോഗസാധ്യത നിലനിൽക്കുന്ന 35 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കിന് പുറമെയായിരുന്നു ഈ തീരുമാനം.

നിലവിലെ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) തീരുമാനമനുസരിച്ച്, ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഫെബ്രുവരി 21-ന് അവസാനിക്കുന്നതാണ്. എന്നാൽ ഈ തീരുമാനം രോഗസാധ്യത കൂടുതലുള്ള 35 രാജ്യങ്ങൾക്ക് ബാധകമല്ലെന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള വിലക്കുകൾ തുടരുന്നതാണ്.

ഫെബ്രുവരി 21 മുതൽ രോഗസാധ്യത കൂടുതലുള്ള 35 രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന പൗരന്മാർക്കും, നിവാസികൾക്കും 7 ദിവസത്തെ സ്വന്തം ചെലവിലുള്ള ഹോട്ടൽ ക്വാറന്റീനും, തുടർന്ന് 7 ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമാക്കിയതായാണ് നിലവിൽ ലഭിക്കുന്ന സൂചന. ഇത്തരം യാത്രികർ കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി ‘Kuwait Mosafer’ ആപ്പിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

രോഗസാധ്യത കൂടുതലുള്ള 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ അനുവാദം നൽകുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തരക്കാർക്ക് കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് ആദ്യം യാത്രചെയ്ത ശേഷം, ആ രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയാക്കി, അതിന് ശേഷം COVID-19 PCR പരിശോധനകൾ നടത്തി കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്നതാണ്.

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് ഫലങ്ങൾ മാത്രമാണ് അനുവദിക്കുക. ഇവർക്കും രാജ്യത്ത് പ്രവേശിച്ച ശേഷം 7 ദിവസത്തെ സ്വന്തം ചെലവിലുള്ള ഹോട്ടൽ ക്വാറന്റീനും, തുടർന്ന് 7 ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമാക്കുമെന്നാണ് സൂചന. നേരത്തെയും ഇത്തരത്തിൽ ഈ രാജ്യങ്ങളിൽ നിന്ന് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ഇത്തരം യാത്രികർ കൂട്ടമായി എത്തുന്നത് മൂലം പല അയൽ രാജ്യങ്ങളിലും യാത്രാ മേഖലയിൽ വിവിധ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ പെട്ടന്ന് ഏർപ്പെടുത്തുന്ന യാത്രാ വിലക്കുകളിൽ ഇത്തരം യാത്രികർ മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.