2021 ഒക്ടോബർ 19 മുതൽ വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾക്ക് ഒമാൻ നിയന്ത്രണമേർപ്പെടുത്തുന്നു

Oman

വിദേശ രജിസ്‌ട്രേഷനോട് കൂടിയ, റോഡ് മാർഗമുള്ള ചരക്ക് ഗതാഗതത്തിനുപയോഗിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് 2021 ഒക്ടോബർ 19 മുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾക്ക് ഒക്ടോബർ 19-ന് ശേഷം, ചരക്കുകളോട് കൂടിയല്ലാതെ ഒമാൻ അതിർത്തികൾ കടക്കുന്നതിന് അനുമതി നൽകില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 22-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ ഗതാഗത നിയമങ്ങൾ പ്രഖ്യാപിക്കുന്ന രാജകീയ ഉത്തരവ് ’10/2016′ പ്രകാരവും, മന്ത്രാലയം 2020 ഒക്ടോബർ 11-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് പ്രകാരവും, ഒമാനിൽ വിദേശ രജിസ്‌ട്രേഷനുള്ള ചരക്ക് ഗതാഗത വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും, ഒമാൻ രജിസ്‌ട്രേഷനുള്ള ഇത്തരം വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ നിയന്ത്രണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

2021 ഒക്ടോബർ 19 ആയിരിക്കും ഇത്തരം വിദേശ വാഹനങ്ങൾക്ക് ഒമാനിലേക്ക് കാലിയായ നിലയിൽ പ്രവേശനം അനുവദിക്കുന്ന അവസാന തീയ്യതിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഈ ഉത്തരവ് പ്രകാരം, നിലവിൽ രാജ്യത്ത് ചരക്ക് ഗതാഗതത്തിനായി വിദേശ വാഹനങ്ങൾ ഉപയോഗിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളോട് ഒക്ടോബർ 19 മുതൽ ഒമാൻ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ സേവനങ്ങൾ നൽകുന്ന പ്രാദേശിക സേവനദാതാക്കളെ ഉപയോഗപ്പെടുത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

2020 ഒക്ടോബർ 11 മുതൽ ഇത്തരം വിദേശ വാഹനങ്ങൾക്ക് ഒമാനിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസുകളുടെ എണ്ണം മന്ത്രാലയം പടിപടിയായി കുറച്ച് കൊണ്ട് വരികയാണ്. ഒമാനിലെ ഇത്തരം സേവനദാതാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായാണ് ഈ നടപടി. രാജ്യത്തിനകത്ത് ഒരു മേഖലയിൽ നിന്ന് മറ്റൊരു മേഖലയിലേക്ക് ചരക്ക് ഗതാഗതത്തിനായി വിദേശ രജിസ്‌ട്രേഷനുള്ള ചരക്ക് ഗതാഗത വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒമാനിൽ നിയമലംഘനമായി കണക്കാക്കുന്നതാണ്.