ഖത്തർ: ലുസൈലിൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

GCC News

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലുസൈലിൽ ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സാധിക്കുന്നതാണ്.

മാർച്ച് 1-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ, പരിശോധനകൾ, വാക്സിനേഷൻ, വാക്സിൻ എടുത്ത ശേഷമുള്ള നിരീക്ഷണം മുതലായ നടപടികൾ ഈ കേന്ദ്രത്തിൽ നിന്ന് പൂർത്തിയാക്കാവുന്നതാണ്.

രാജ്യത്തിന്റെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളതെന്ന് ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹനാൻ മുഹമ്മദ് അൽ കുവൈരി വ്യക്തമാക്കി.