സൗദി: ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത ആരോഗ്യ പ്രവർത്തകരെ തീർത്ഥാടന നടപടികളിൽ ഉൾപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവിധ വകുപ്പുകളിലേക്ക് നൽകിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മക്ക, മദീന, മറ്റു പുണ്യസ്ഥലങ്ങൾ, ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്ന രാജ്യത്തിന്റെ പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രവർത്തകരെ എത്രയും നേരത്തെ തന്നെ ഏർപ്പെടുത്തുന്നതിനായി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശിച്ച് കൊണ്ടാണ് അദ്ദേഹം വിജ്ഞാപനം പുറത്തിറക്കിയത്.

ഹജ്ജ്, ഉംറ തീർത്ഥാടനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത COVID-19 വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കുന്നതിനായി ഒരു വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.