രാജ്യത്തെ ഹജ്ജ്, ഉംറ തീർത്ഥാടന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും സഹായമാകുന്ന ഏതാനം തീരുമാനങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. മാർച്ച് 9, ചൊവ്വാഴ്ച്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സഹായകമാകുന്ന തീരുമാനങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. COVID-19 മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ട മേഖലകൾക്ക് ആശ്വാസം പകരുന്നതിനുള്ള സൗദി നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
താഴെ പറയുന്ന ഇളവുകളാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്:
- മക്ക, മദീന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന താമസ സൗകര്യങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ വാർഷിക മുനിസിപ്പൽ വാണിജ്യ പ്രവർത്തന ലൈസൻസ് തുക ഒരു വർഷത്തേക്ക് ഒഴിവാക്കി നൽകും.
- ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ ഫീ ആറ് മാസത്തേക്ക് ഒഴിവാക്കി നൽകും.
- മക്ക, മദീന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന താമസ സൗകര്യങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ ടൂറിസം മന്ത്രാലയം നൽകുന്ന ലൈസൻസുകൾ സൗജന്യമായി ഒരു വർഷത്തേക്ക് പുതുക്കി നൽകും.
- ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീ അടയ്ക്കുന്നതിന് ആറ് മാസത്തെ സമയം അനുവദിക്കും. ഒരു വർഷത്തിനിടെ തവണകളായി ഈ തുക അടച്ച് കൊള്ളാം എന്ന വ്യവസ്ഥയിലാണ് ഈ ഇളവ് അനുവദിക്കുന്നത്.
- തീർത്ഥാടകർക്ക് യാത്രാ സൗകര്യങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ ബസുകളുടെ ലൈസൻസുകൾ ഒരു വർഷത്തേക്ക് സൗജന്യമായി പുതുക്കി നൽകും.
- 2021 ഹജ്ജ് തീർത്ഥാടന കാലത്ത് ഉപയോഗിക്കുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ അടയ്ക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം അനുവദിക്കും.