മസ്കറ്റിലെ അൽ സൈദിയ വിദ്യാലയത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റും, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. മാർച്ച് 8-നാണ് ഒമാൻ പോസ്റ്റ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
1940-ലാണ് അൽ സൈദിയ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സുൽത്താൻ സൈദ് ബിൻ തൈമൂറിന്റെ ഉത്തരവിനെത്തുടർന്നാണ് മസ്കറ്റിൽ ഈ സർക്കാർ വിദ്യാലയം പണികഴിപ്പിച്ചത്. 1936-ൽ സലാലയിലാണ് ഒമാനിലെ ആദ്യ സർക്കാർ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അൽ സൈദിയ എന്ന പേരിൽ തന്നെയായിരുന്നു ഈ വിദ്യാലയവും പ്രവർത്തിച്ചിരുന്നത്.
മസ്കറ്റിലെ അൽ സൈദിയ സ്കൂൾ 1940-ൽ പൂർണ്ണമായും ആൺകുട്ടികൾക്കുള്ള വിദ്യാലയമായാണ് പ്രവർത്തനമാരംഭിച്ചത്. 1971-ൽ ഒമാനിലെ ആദ്യ നാഷണൽ ഡേ ആഘോഷങ്ങൾ നടന്നത് മസ്കറ്റിലെ അൽ സൈദിയ സ്കൂൾ അങ്കണത്തിലായിരുന്നു.
2000-ൽ സുൽത്താൻ ഖാബൂസിന്റെ ഉത്തരവിനെ തുടർന്ന് ഈ വിദ്യാലയം ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും, പഴയ സ്കൂൾക്കെട്ടിടം ഒരു വിദ്യാഭ്യാസ മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു. വരും തലമുറയ്ക്കായി ഒമാനിലെ വിദ്യാഭ്യാസ രീതിയുടെ ചരിത്രം ഈ മ്യൂസിയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ഈ വിദ്യാലയത്തിന്റെ സ്മരണാർത്ഥം പുറത്തിറക്കിയിട്ടുള്ള ഈ സ്റ്റാമ്പുകൾ 100, 300, 500 ബൈസ മൂല്യമുള്ളവയാണ്. ഓഫ്സെറ്റ് രീതിയിൽ പ്രിന്റ് ചെയ്തിട്ടുള്ള ഈ സ്റ്റാമ്പുകളിൽ അൽ സൈദിയ സ്കൂളിൽ നിന്നുള്ള ചരിത്ര നിമിഷങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.