കൊറോണാ വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതൽ യു എ ഇയിൽ നിന്നുള്ള ബെയ്ജിങ്ങിലേക്ക് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ആഭ്യന്തര വ്യേമയാന വകുപ്പ് (General Civil Aviation Authority, GCAA) അറിയിച്ചു. നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രം എന്ന് സംശയിക്കുന്ന വുഹാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും ജനുവരി 23 മുതൽ തന്നെ നിർത്തലാക്കിയിരുന്നു.
രാജ്യത്തേക്ക് കൊറോണാ വൈറസിന്റെ വ്യാപനം തടയുവാനായാണ് ഈ നടപടി. കൊറോണാ വൈറസിനെതിരെയുള്ള ചൈനീസ് ഗവണ്മെന്റിന്റെ എല്ലാ നടപടികളിലും പൂർണ്ണ വിശ്വാസമുള്ളതായും വാർത്താകുറിപ്പിൽ പറയുന്നു.
ബെയ്ജിങ്ങിൽ നിന്ന് യാത്ര ചെയുന്നവർക്കായി പുതിയ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. യാത്രികരുടെ സുരക്ഷയെ മുൻനിർത്തി ബെയ്ജിങ്ങിൽ നിന്ന് യാത്ര ചെയുന്നവരെ ഇനി മുതൽ 6 മുതൽ 8 മണിക്കൂർ വരെ നീണ്ടേക്കാവുന്ന സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും വിമാനത്തിൽ സഞ്ചരിക്കാൻ അനുവദിക്കുക. എയർപോർട്ടിൽ സമയനഷ്ടമൊഴിവാകാൻ യാത്രികരെ മുൻകൂട്ടി ഇത്തരം സൂക്ഷമപരിശോധനയുടെ വിവരങ്ങൾ അറിയിക്കാൻ വിവിധ എയർലൈനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.