ഖത്തറിലെ വിദ്യാലയങ്ങളിൽ മാർച്ച് 21 മുതൽ കർശന നിയന്ത്രണങ്ങൾ; 30 ശതമാനം വിദ്യാർത്ഥികൾക്ക് പ്രവേശനം

GCC News

രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും മാർച്ച് 21 മുതൽ 30 ശതമാനം വിദ്യാർത്ഥികൾ മാത്രം നേരിട്ട് ഹാജരാകുന്ന നിലയിലുള്ള അധ്യയനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപനം രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലേക്കും, കിന്റർഗാർട്ടണുകളിലേക്കും മന്ത്രാലയം അയച്ചിട്ടുണ്ട്.

https://twitter.com/Qatar_Edu/status/1372817614209175552

മാർച്ച് 19-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്‌കൂൾ അധികൃതർക്ക് അയച്ചിട്ടുള്ള ഈ വിജ്ഞാപനത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് 30 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകുന്നത്. സമ്മിശ്ര രീതിയിലുള്ള പഠനം തുടരാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം ഒരു നിയന്ത്രണം വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ തീരുമാനിച്ചതായി രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിശകലനം ചെയ്ത ശേഷം, മാർച്ച് 17-ന് ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് സംയുക്തമായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഇപ്പോൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിജ്ഞാപനപ്രകാരം രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ മുഴുവൻ അധ്യാപകരും, സ്‌കൂൾ ജീവനക്കാരും ഹാജരാകേണ്ടതാണ്. നേരിട്ടെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 30 ശതമാനത്തിൽ നിയന്ത്രിക്കുന്ന രീതിയിൽ ക്രമപ്പെടുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾക്കും, വിദൂര സമ്പ്രദായത്തിൽ പഠനം തുടരുന്നവർക്കും നടപ്പിലാക്കുന്ന സമയക്രമം സംബന്ധിച്ച് രക്ഷിതാക്കൾക്ക് SMS ഉപയോഗിച്ച് വിവരം നൽകേണ്ടതാണ്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് വിദൂര പഠന രീതി തുടരാവുന്നതാണ്. എന്നാൽ ഇതിന് ഇവർ മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതാണ്. ഇവർ പരീക്ഷകൾക്കായി വിദ്യാലയത്തിൽ എത്തേണ്ടതാണ്.