ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിൽ അനുഭവപ്പെടുന്ന വലിയ രീതിയിലുള്ള ജനത്തിരക്ക് അനുവദിക്കില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുൻകൂർ അനുമതികളില്ലാതെ QNCC-യിലെ കേന്ദ്രത്തിലെത്തുന്നവർക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മാർച്ച് 31, ബുധനാഴ്ച്ച രാവിലെയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. QNCC-യിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്ന് രാവിലെ അനുഭവപ്പെട്ട വലിയ ജനത്തിരക്കിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
വാക്സിൻ ലഭിക്കുന്നതിനായി മന്ത്രാലയത്തിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് QNCC-യിൽ വാക്സിൻ നൽകുന്നതെന്നും, വാക്-ഇൻ അടിസ്ഥാനത്തിൽ മുൻകൂർ അനുമതിയില്ലാതെ കുത്തിവെപ്പ് നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ അനുമതികളില്ലാത്തവർ വലിയ രീതിയിൽ QNCC-യിൽ എത്തിച്ചേർന്നതാണ് ഈ ആൾക്കൂട്ടത്തിന് കാരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങൾ സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തുന്നതിനാൽ ഇവ അനുവദിക്കില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
QNCC-യിലെ കേന്ദ്രത്തിൽ നിന്ന് മുൻഗണനാ ക്രമത്തിൽ മാത്രമാണ് നിലവിൽ വാക്സിൻ നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. തിരക്കൊഴിവാക്കുന്നതിനും, സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകാൻ ഉദ്ദേശിക്കുന്നവർക്ക് മുൻകൂർ അനുമതികൾ ഘട്ടം ഘട്ടമായി മാത്രമാണ് നൽകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മുൻഗണനാ ക്രമപ്രകാരം കുത്തിവെപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മന്ത്രാലയം SMS മുഖേന അറിയിപ്പ് നൽകുന്നതാണ്. ഇത്തരത്തിൽ വാക്സിൻ സ്വീകരിക്കാനുള്ള അനുമതി ലഭിക്കുന്നവർക്ക് QNCC-യിലെ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് മുൻപായി ഇവരുടെ വിവരങ്ങൾ ഒത്ത്നോക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.