യു എ ഇ: രാജ്യത്ത് COVID-19 വാക്സിൻ ഉത്പാദനം ആരംഭിക്കുന്നു

UAE

മേഖലയിലെ ആദ്യ തദ്ദേശീയ COVID-19 വാക്സിൻ ഉത്പാദനം രാജ്യത്ത് ആരംഭിക്കുമെന്ന് യു എ ഇ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ സിനോഫാം CNBG, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാങ്കേതിക കമ്പനിയായ ജി 42 എന്നിവർ ചേർന്ന് പുതുതായി ആരംഭിച്ചിട്ടുള്ള സംയുക്ത സംരംഭത്തിന് കീഴിലാണ് ഈ തദ്ദേശീയ COVID-19 വാക്സിൻ നിർമ്മിക്കുന്നത്.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തു പകരുന്ന ഈ തീരുമാനം മാർച്ച് 29-നാണ് യു എ ഇ അറിയിച്ചത്. അബുദാബിയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സ്റ്റേറ്റ് കൗൺസിലറും ചൈനയുടെ വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവർ ഈ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു. ഇരു രാജ്യങ്ങളിൽ നിന്നുള്ള മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അറബ് മേഖലയിൽ ആദ്യമായി ആരംഭിക്കുന്ന ലൈഫ് സയൻസസ്, ബയോടെക്നോളജി, വാക്സിൻ ഉത്പാദനം എന്നിവയ്ക്കായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള ഗവേഷണ വികസന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കും ഈ ചടങ്ങ് വേദിയായി. അബുദാബിയിലെ കിസാഡിലാണ് ഈ ഗവേഷണ വികസന കേന്ദ്രം ആരംഭിക്കുന്നത്.

ഹയാത്ത്-വാക്സ് (ഹയാത്ത് എന്നാൽ ജീവൻ എന്നാണ് അറബിയിൽ അർത്ഥമാക്കുന്നത്) എന്ന് പേരിട്ടിട്ടുള്ള ഈ വാക്സിൻ സിനോഫാം CNBG രൂപം നൽകിയ നിർജ്ജീവമാക്കിയ COVID-19 വാക്സിൻ തന്നെയാണ്. 2020-ൽ സിനോഫാം CNBG, ജി 42 എന്നിവർ മേഖലയിലുടനീളം സിനോഫാം നിർമ്മിച്ച നിർജ്ജീവമാക്കിയ COVID-19 വാക്സിനിന്റെ ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. 125 രാജ്യങ്ങളിൽ നിന്നുള്ള 43,000 സന്നദ്ധപ്രവർത്തകരാണ് ഈ പരീക്ഷണങ്ങളിൽ പങ്കെടുത്തത്. അബുദാബിയിലെ പുതിയ വാക്സിൻ പ്ലാന്റ് ഈ വർഷം പ്രവർത്തനക്ഷമമാകുന്നതാണ്. ഈ പ്ലാന്റിൽ നിന്ന് പ്രതിവർഷം 200 ദശലക്ഷം ഡോസ് ഉൽപാദന ശേഷി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: WAM