ഒമാൻ: വാണിജ്യ സ്ഥാപനങ്ങൾ ദിനവും രാത്രി 8 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടതാണ്

Oman

ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾക്ക് ദിനവും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി. ഇതോടെ ഒമാനിലെ റെസ്റ്ററന്റുകൾ, കഫെ എന്നിവ ഉൾപ്പടെയുള്ള മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും ദിനവും രാത്രി 8 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടതാണ്.

ഏപ്രിൽ 8-ന് വൈകീട്ടാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്. ഒമാനിലെ രാത്രികാല യാത്രാ വിലക്കുകൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള പുതിയ തീരുമാനങ്ങൾ ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഈ അറിയിപ്പ് നൽകിയത്.

സുപ്രീം കമ്മിറ്റി ഏപ്രിൽ 5-ന് വൈകീട്ട് പ്രഖ്യാപിച്ച തീരുമാനങ്ങൾ പ്രകാരം, ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ രാത്രിസമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിച്ചിട്ടുണ്ട്. വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരുന്നതാണ്.

റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ദിനവും രാത്രി 9 മുതൽ രാവിലെ 4 മണിവരെയാണ് റമദാനിൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത്. റമദാൻ മാസത്തിൽ ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.