ബഹ്‌റൈൻ: റോഡുകളിൽ ട്രക്കുകൾക്ക് വിലക്ക് ബാധകമാക്കിയിട്ടുള്ള സമയങ്ങളിൽ റമദാൻ മാസത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

Bahrain

രാജ്യത്തെ റോഡുകളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തുന്നതായി ബഹ്‌റൈനിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു. റമദാൻ മാസത്തിൽ ബഹ്‌റൈനിലെ റോഡുകളിൽ ദിനവും രാവിലെ 6:30 മുതൽ 8 മണി വരെയും വൈകീട്ട് 2 മണി മുതൽ 3 മണി വരെയും ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നതാണ്.

വലിയ ട്രക്കുകൾ, ട്രെയിലറുകൾ, 3000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ, കാര്‍ഷിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമാണ്.

ഷെയ്ഖ് ജാബിർ അൽ അഹ്‌മദ്‌ അൽ സബാഹ് ഹൈവേയിൽ സിത്ര ഇൻഡസ്ട്രിയൽ ഏരിയ സിഗ്നൽ മുതൽ അൽബൽ ഫ്ലൈഓവർ വരെ ഇരുവശത്തേക്കുമുള്ള റോഡ്, കിംഗ് ഹമദ് ഹൈവേയിൽ അൽബ ഫ്ലൈഓവർ മുതൽ ദുർറത് അൽ ബഹ്‌റൈൻ വരെയുള്ള റോഡ്, ഡ്രൈ ഡോക്ക് റോഡിലെ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ബ്രിഡ്ജ് മുതൽ അസ്‌റി കമ്പനി, ഖലീഫ ബിൻ സൽമാൻ പോർട്ട് എന്നിവ ഒഴികെയുള്ള രാജ്യത്തെ മുഴുവൻ റോഡുകളിലും ഈ വിലക്ക് ബാധകമാക്കിയിട്ടുണ്ട്. ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ റമദാനിൽ ബാധകമാക്കുന്ന ഈ വിലക്ക് സമയങ്ങളിലെ മാറ്റങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.