ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തനസമയം സംബന്ധിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ലുസൈലിലും, അൽ വഖ്‌റയിലുമായി രണ്ട് ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്.

ഏപ്രിൽ 12-ന് രാത്രിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം റമദാനിൽ ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും ദിനവും ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 12 മണിവരെ വാക്സിനേഷൻ ലഭിക്കുന്നതാണ്. രാത്രി 11 മണിവരെയാണ് ഈ കേന്ദ്രത്തിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നത്.

മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന സേവനങ്ങളാണ് ലുസൈലിലും, അൽ വഖ്‌റയിലുമായി പ്രവർത്തിക്കുന്ന ഈ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുന്നത്. ലുസൈൽ മൾട്ടിപർപ്പസ് ഹാളിനു പുറകുവശത്തായാണ് ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അൽ വഖ്‌റയിലെ അൽ ജനൗബ് സ്റ്റേഡിയത്തിന് പുറകിലായാണ് അൽ വഖ്‌റ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ താഴെ പറയുന്ന സമയക്രമങ്ങളിലാണ് നൽകുന്നത്.

  • ഫൈസർ വാക്സിൻ – ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 21 ദിവസങ്ങൾക്ക് ശേഷം.
  • മോഡേണ വാക്സിൻ – ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസങ്ങൾക്ക് ശേഷം.

ഈ കാലാവധി പൂർത്തിയാക്കിയവർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നതെന്നും, രണ്ടാം ഡോസ് കുത്തിവെപ്പുകൾ നേരത്തെ നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.