എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന് കീഴിലുള്ള ITC പുറത്തിറക്കിയ ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ റമദാനിലുടനീളം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും, രാത്രി 9 മുതൽ പുലർച്ചെ 2.30 വരെയും പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.
വ്യാഴാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും, രാത്രി 9 മുതൽ രാത്രി 12:00 വരെയുമാണ് ഫീ ഈടാക്കുന്നത്. വെള്ളിയാഴ്ച്ചകളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും. പള്ളികൾക്ക് ചുറ്റുമുള്ള പൊതു പാർക്കിങ്ങ് ഇടങ്ങളിൽ തറാവീഹ് പ്രാർത്ഥനകൾക്ക് എത്തുന്നവർക്ക് സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
DARB ടോൾ ഗേറ്റ് സംവിധാനങ്ങളിൽ ഫീ ഈടാക്കുന്നത് റമദാനിലും തുടരുന്നതാണ്. എന്നാൽ ടോൾ ഈടാക്കുന്ന തിരക്കേറിയ സമയക്രമങ്ങൾ രാവിലെ 8 മുതൽ 10 വരെയും, വൈകീട്ട് 2 മുതൽ 4 വരെയുമായി പുനഃക്രമീകരിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ ടോൾ ഒഴിവാക്കിയിട്ടുണ്ട്.
A10, A20, A40, 405, 406 എന്നീ സർവീസുകൾ ഒഴികെയുള്ള പൊതുഗതാഗത ബസ് സർവീസുകൾ സാധാരണ രീതിയിൽ തുടരുന്നതാണ്. A10, A20, A40, 405, 406 എന്നീ സർവീസുകൾ ദിനവും വൈകീട്ട് 6 വരെ തുടരും. സർവീസ് 26 റമദാനിലെ ആദ്യ ദിനം മുതൽ നിർത്തലാക്കിയിട്ടുണ്ട്.