സൗദി: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്തിന് പുറത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലെത്തുന്ന വിദേശ തീർത്ഥാടകർക്ക് ബാധകമാക്കുന്ന നിബന്ധനകളും, മാനദണ്ഡങ്ങളും സംബന്ധിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. ഏപ്രിൽ 15, വ്യാഴാഴ്ച്ചയാണ് സൗദി ഹജ്ജ്, ഉംറ വകുപ്പ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ, കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് മുൻപായി താഴെ പറയുന്ന ഏതാനം നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

  • വിദേശത്ത് നിന്നെത്തുന്ന മുഴുവൻ തീർത്ഥാടകരും ഉംറ അനുഷ്ഠിക്കുന്നതിന് ആറ് മണിക്കൂർ മുൻപ് മക്കയിലെ പ്രത്യേക പരിചരണ കേന്ദ്രത്തിൽ (ഇനായ സെന്റർ) എത്തേണ്ടതാണ്.
  • ഇവിടെ നിന്ന് ഇവരുടെ വാക്സിനേഷൻ സംബന്ധമായ രേഖകൾ പരിശോധിക്കുന്നതും, ഡിജിറ്റൽ റിസ്റ്റ് ബാൻഡ് നൽകുന്നതുമാണ്.
  • ഈ റിസ്റ്റ് ബാൻഡ് ഉപയോഗിച്ച് കൊണ്ട് തീർത്ഥാടകർക്ക് ഉംറ പെർമിറ്റ് വിവരങ്ങൾ, ഉംറയ്‌ക്കായി അനുവദിക്കപ്പെട്ട സമയം, തീയ്യതി മുതലായ വിവരങ്ങൾ അൽ ശുബൈക അസംബ്ലി സെന്ററിൽ പരിശോധനകൾക്കായി നൽകാവുന്നതാണ്.
  • വിദേശത്ത് നിന്നുള്ള തീർത്ഥാടകർ സൗദിയിൽ പ്രവേശിച്ച ശേഷം മക്കയിലെ അനുവദിക്കപ്പെട്ടിട്ടുള്ള ഹോട്ടലുകളിൽ 3 ദിവസം ക്വാറന്റീൻ പൂർത്തിയാക്കേണ്ടതാണ്.

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആദ്യത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾക്ക് ശേഷം, 2020 നവംബർ ഒന്ന് മുതലാണ് സൗദി വീണ്ടും വിദേശ തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയത്.