രാജ്യത്തെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ തുടരുന്ന പക്ഷം, നഗരങ്ങളിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 18, ഞായറാഴ്ച്ചയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്.
രാജ്യത്തെ രോഗവ്യാപന സാഹചര്യങ്ങൾ ഗുരുതരമാണെന്നും, അടിയന്തിര ചികിത്സ ആവശ്യമാകുന്ന രോഗികളുടെ എണ്ണം ഉയരുന്നതായും ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ലെഫ്റ്റനന്റ് കേണൽ തലാൽ അൽ ശൾഹുബ് ജനങ്ങളെ ഓർമ്മപ്പെടുത്തി. സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കൊറോണ വൈറസ് സഹചര്യങ്ങളെക്കുറിച്ചുള്ള പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ഈ സ്ഥിതി തുടർന്നാൽ രാജ്യത്തെ ഏതാനം പ്രവർത്തനമേഖലകളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും, നഗരങ്ങളെ ഐസൊലേറ്റ് ചെയ്യുന്നതിനായുള്ള നടപടികൾ പുനരാരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു ഗതാഗതം ഉൾപ്പടെയുള്ള പ്രവർത്തന മേഖലകൾ നിർത്തിവെക്കുന്ന സ്ഥിതി വീണ്ടും സംജാതമാകുകയാണെങ്കിൽ മുഴുവൻ സമൂഹത്തിനും അതിന്റെ ഉത്തരവാദിത്വം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസമൂഹത്തിലെ അശ്രദ്ധമൂലം രോഗവ്യാപനം രൂക്ഷമാകുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു.
അധികൃതരുടെ ഭാഗത്ത് നിന്നുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾക്കും, മുന്നറിയിപ്പുകൾക്കും ശേഷവും ജനങ്ങൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളെ ലാഘവത്തോടെ കാണുന്നതിൽ അദ്ദേഹം നിരാശ രേഖപ്പെടുത്തി. വീഴ്ച്ചകൾക്കെതിരെ നടപടികൾ കർശനമാക്കുന്നതിനായി രാജ്യവ്യാപകമായി സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്വാറന്റീൻ നിർദ്ദേശങ്ങളും മറ്റും മറികടക്കുന്നത് കണ്ടെത്തുന്നതിനും, ശിക്ഷാ നടപടികൾ കർശനമാക്കുന്നതിനും ആവശ്യമായ പ്രത്യേക പരിശോധനകൾ മുഴുവൻ ഗവർണറേറ്റുകളിലും നടപ്പിലാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും, 2 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.