രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 22-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
COVID-19 രോഗമുക്തരായവർക്ക് ക്വാറന്റീൻ ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഈ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്. ഏപ്രിൽ 25 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ, യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്ന് COVID-19 പരിശോധനകൾ നടത്തേണ്ടതാണ്.
ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് മാത്രമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവരിൽ ഏതാനം വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഖത്തറിലെത്തിയ ശേഷം വീണ്ടും ഒരു തവണ കൂടി COVID-19 ടെസ്റ്റ് നടത്തേണ്ടിവരാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ക്വാറന്റീൻ നിബന്ധനകളിൽ പ്രഖ്യാപിച്ചിട്ടുള്ള പുതിയ മാറ്റങ്ങൾ വരുന്നതോടെ, COVID-19 രോഗമുക്തരായവർ രോഗബാധയുള്ളവരുമായോ, രോഗബാധ സംശയിക്കുന്നവരുമായോ സമ്പർക്കത്തിൽ വരുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നില്ലെങ്കിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. പൂർണ്ണമായും രോഗമുക്തരായതായി മെഡിക്കൽ രേഖകൾ തെളിയിക്കുന്നവരും, രോഗമുക്തി നേടിയ ശേഷം ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയവരുമായിട്ടുള്ളവർക്ക് മാത്രമാണ് ഈ നിബന്ധനകൾ ബാധകമാകുന്നത്. രോഗമുക്തരായവർക്ക് ആദ്യ തവണ COVID-19 ബാധ സ്ഥിരീകരിച്ച തീയ്യതി മുതൽ 6 മാസത്തേക്കാണ് ഈ ക്വാറന്റീൻ ഇളവ് അനുവദിക്കുന്നത്. ഇവർക്ക് ക്വാറന്റീൻ ഇളവ് അനുവദിക്കുന്നതിനായി COVID-19 ടെസ്റ്റ് നിർബന്ധമാണ്.
ഇത്തരത്തിൽ ഇളവ് ലഭിച്ച ഒരു വ്യക്തി, രോഗബാധയുള്ളവരുമായി സമ്പർക്കത്തിൽ വന്ന് 14 ദിവസത്തിനിടയിൽ കൊറോണ വൈറസ് രോഗബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ, ഇവർ നിർബന്ധമായും സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതാണ്. ഇവർ തുടർന്ന് രോഗബാധയില്ലാ എന്ന് ഉറപ്പ് വരുത്തുന്നതിനായി COVID-19 PCR പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുകയും, രോഗലക്ഷണങ്ങൾ സംബന്ധിച്ച് മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യുന്ന അവസരത്തിൽ ഇവർക്ക് ഒരു തവണ കൂടി COVID-19 നടത്താൻ അധികൃതർ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
COVID-19 രോഗമുക്തരായവർ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ നടത്തുന്ന COVID-19 PCR ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഇവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പൂർണ്ണമായും രോഗമുക്തരായതായി മെഡിക്കൽ രേഖകൾ തെളിയിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ച് ആറ് മാസത്തേക്കാണ് ഈ ഇളവ് അനുവദിക്കുന്നത്. COVID-19 വാക്സിനിന്റ എല്ലാ ഡോസുകളും പൂർത്തിയാക്കിയവർക്കും, ഇതേ മാനദണ്ഡങ്ങൾ പ്രകാരം ക്വാറന്റീൻ ഒഴിവാക്കി നൽകിയിട്ടുണ്ട്.