രാജ്യത്തെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അംഗം ഡോ. ജമീല അൽ സൽമാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. നിലവിൽ വിവിധ രാജ്യങ്ങളിൽ അതിവേഗം വ്യാപിക്കുന്ന COVID-19 വൈറസിന്റെ പുതിയ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ചകൾ കൂടാതെ പാലിക്കുന്നതും, വാക്സിൻ കുത്തിവെപ്പുകൾ കൃത്യമായി സ്വീകരിക്കുന്നതും വൈറസ് വ്യാപനം തടയുന്നതിന് സഹായകമാണെന്ന് അവർ വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന വൈറസിന്റെ വകഭേദം ഇതിനകം 21 രാജ്യങ്ങളിലേക്ക് പകർന്നതായും അവർ കൂട്ടിച്ചേർത്തു.
ഇതിന് പുറമെ ബ്രിട്ടനിൽ കണ്ടെത്തിയ വൈറസ് വകഭേദം 137 രാജ്യങ്ങളിലേക്കും, സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് വകഭേദം 50 രാജ്യങ്ങളിലേക്കും, ബ്രസീലിൽ കണ്ടെത്തിയ വൈറസ് വകഭേദം 52 രാജ്യങ്ങളിലേക്കും വ്യാപിച്ചതായും അവർ അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന് വാക്സിനേഷൻ ഏറെ ഫലപ്രദമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും അവർ വ്യക്തമാക്കി. എത്രയും വേഗം വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാനും അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. മാസ്കുകളുടെ ഉപയോഗം തുടരാനും, കൈകൾ ശുചിയായി സൂക്ഷിക്കാനും, കൃത്യമായ സമൂഹ അകലം പാലിക്കാനും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു.