ബഹ്‌റൈൻ: COVID-19 വാക്സിനേഷൻ യത്നത്തിന്റെ അടുത്ത ഘട്ടത്തിൽ മൂന്നാമത് ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം

Bahrain

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ അടുത്ത ഘട്ടത്തിൽ ജനങ്ങൾക്ക് മൂന്നാമത് ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് തീരുമാനിച്ചു. ഈ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ഇടവേള വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഏറ്റവും കൂടുതൽ രോഗപ്രതിരോധ ശേഷി ആർജ്ജിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നിശ്ചയിച്ചതായും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മെയ് 7-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം, രാജ്യത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, പൗരന്മാർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, അമിതവണ്ണം ഉള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ആറ് മാസം കഴിഞ്ഞ് മൂന്നാം ഡോസ് വാക്സിൻ ഒരു ബൂസ്റ്റർ ഡോസായി നൽകുന്നതാണ്.

മറ്റു വിഭാഗങ്ങളിൽ പെടുന്ന പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് 12 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായങ്ങൾക്കനുസരിച്ച്, ആദ്യ ഘട്ടത്തിൽ സ്വീകരിച്ച രണ്ട് ഡോസ് COVID-19 വാക്സിനിനു പകരം, മറ്റൊരു വാക്സിൻ ബൂസ്റ്റർ ഡോസായി നൽകുന്നതിനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ‘BeAware’ ആപ്പിലൂടെ ഈ ബൂസ്റ്റർ ഡോസിനായുള്ള റെജിസ്ട്രേഷൻ സംവിധാനം ഒരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.